ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം 10ന് മുഖ്യമന്ത്രി നിർവഹിക്കും

155

പൊതുമേഖലാ സ്ഥാപനമായ ആറാലുംമൂട് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം ജൂലൈ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആധുനികവത്കരിച്ച മെഷീൻ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

നീം-ജി എന്ന പേരിലാണ് കേരള ഓട്ടോമൊബൈൽസ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിൽ ഇലക്‌ട്രോണിക് വാഹന നിർമാണത്തിലേക്ക് വ്യാവസായികാടിസ്ഥാനത്തിൽ കടക്കുന്നതിന്റെ തുടക്കമാണിത്.ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. സൈഡ് വീൽ സ്‌കൂട്ടറിന്റെ വിതരണം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.

ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്‌സൺ ഡബ്‌ളിയു.ആർ. ഹീബ, കൗൺസിലർ എസ്.എസ്. ജയകുമാർ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, കേരള ഓട്ടോമൊബൈൽസ് ഡയറക്ടർ പ്രദീപ് ദിവാകരൻ തുടങ്ങിയവർ സംബന്ധിക്കും. കേരള ഓട്ടോമൊബൈൽസ് ചെയർമാൻ കരമന ഹരി സ്വാഗതവും ഡയറക്ടർ സി. സത്യചന്ദ്രൻ നന്ദിയും പറയും.

NO COMMENTS