സാവോപോളോ : അര്‍ജന്റീന-ചിലി ലൂസേഴ‌്സ‌് ഫൈനലാണ‌് വിവാദത്തില്‍ മുങ്ങിയത‌്. കളി അര്‍ജന്റീന 2–1ന‌് ജയിച്ചെങ്കിലും മെസിയുടെ ചുവപ്പുകാര്‍ഡില്‍ അവരുടെ ആഘോഷം മങ്ങി. ടൂര്‍ണമെന്റ‌് നടത്തിപ്പിനെതിരെ മെസി ആഞ്ഞടിച്ചു. ടൂര്‍ണമെന്റില്‍ അഴിമതിയാണെന്നും കപ്പ‌് ബ്രസീലിനുവേണ്ടി ഉറപ്പിച്ചതാണെന്നും മെസി പറഞ്ഞു.അര്‍ജന്റീന രണ്ട‌് ഗോളിന‌് മുന്നിലായിരുന്നു അപ്പോള്‍. സെര്‍ജിയോ അഗ്വേറോയും പൗലോ ഡിബാലയും അര്‍ജന്റീനയ‌്ക്കായി ഗോളടിച്ചു. രണ്ടാംപകുതിയില്‍ ചിലിക്കായി പെനല്‍റ്റിയിലൂടെ അര്‍ട്യൂറോ വിദാല്‍ ഒരെണ്ണം മടക്കി. മത്സരശേഷം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ മെസി ഇറങ്ങിയില്ല.
കളിയെ ബഹുമാനിക്കണമെന്നായിരുന്നു മെസിക്കുള്ള ലാറ്റിനമേരിക്കന്‍ ഫുട‌്ബോള്‍ ഫെഡറേഷന്റെ പരോക്ഷ മറുപടി. കളിയുടെ 37-ാം മിനിറ്റിലാണ‌് മെസി ചുവപ്പുകാര്‍ഡ‌് കണ്ട‌് പുറത്തായത‌്. ചിലി പ്രതിരോധക്കാരന്‍ ഗാരി മെദെലിനും ചുവപ്പുകാര്‍ഡ‌് കിട്ടി. കഴിഞ്ഞ രണ്ട‌് കോപ ഫൈനലില്‍ അര്‍ജന്റീനയെ ചിലിയാണ‌് വീഴ‌്ത്തിയത‌്. അതിനാല്‍ത്തന്നെ മൂന്നാം സ്ഥാനക്കാരുടെ കളിയില്‍ ഇക്കുറി പരുക്കന്‍ ഫൗളുകളായിരുന്നു ഏറെയും. മികച്ച കളി പുറത്തെടുത്ത അര്‍ജന്റീന അരമണിക്കൂറിനുള്ളില്‍ രണ്ട‌് ഗോളുകള്‍ തൊടുത്ത‌് ആധിപത്യം നേടി.
ആദ്യ പതിനൊന്നില്‍ ആദ്യമായി അവസരം കിട്ടിയ ഡിബാലയാണ‌് മിന്നിയത‌്. എന്നാല്‍ അരമണിക്കൂറിനുശേഷം കാര്യങ്ങള്‍ മാറിമറഞ്ഞു. കളിയുടെ 34–ാം മിനിറ്റിലാണ‌് വിവാദങ്ങളുടെ തുടക്കം. ഡിബാല നീട്ടിയടിച്ച പന്ത‌് പിടിച്ചെടുക്കാന്‍ മെസി ചിലി ബോക‌്സിലേക്ക‌് കുതിച്ചു. മുന്നില്‍ മെദെല്‍. ഇരുവരും പന്തിനായി പൊരുതി. മെദെല്‍ പന്ത‌് വിട്ടുകൊടുത്തില്ല. വരകടക്കുന്നതിനിടെ മെസി കൈകൊണ്ട‌് മെദെലിനെ തള്ളി. നിയന്ത്രണംവിട്ട ചിലി പ്രതിരോധക്കാരന്‍ മെസിയെ നെഞ്ചുകൊണ്ട‌് കുത്തി. നാല‌് തവണയാണ‌് മെദെല്‍ അര്‍ജന്റീന ക്യാപ‌്റ്റനെ ശക്തമായി തള്ളിയത‌്. മെസി ഇരുകൈയും ഉയര്‍ത്തി പ്രതിരോധിച്ചുനിന്നു.റഫറി ഓടിയെത്തി ഇരുവര്‍ക്കും ചുവപ്പുകാര്‍ഡ‌് വീശി. എന്നാല്‍ റീപ്ലേയില്‍ മെസി മെദെലിനെ കാര്യമായി ഒന്നും ചെയ‌്തില്ലെന്ന‌് വ്യക്തമായിരുന്നു.
വീഡിയോ സഹായ സംവിധാനം (വാര്‍) വഴി വീണ്ടും റഫറി പരിശോധിച്ചു. തീരുമാനം മാറ്റിയില്ല. ഇരു ടീമുകളും പത്ത‌് പേരുമായി കളി തുടര്‍ന്നു. വിദാലിലൂടെ ഒരു ഗോള്‍ ചിലി മടക്കിയെങ്കിലും അര്‍ജന്റീന പിന്നെ പിടിച്ചുനിന്നു. തമ്മില്‍ ഉന്തും തള്ളും മാത്രമാണ‌് ഉണ്ടായതെന്നും ഈ ഫൗളിന‌് മഞ്ഞക്കാര്‍ഡ‌് പോലും പ്രതീക്ഷിച്ചിരുന്നില്ലന്നായിരുന്നു മത്സരശേഷം മെദെലിന്റെ പ്രതികരണം. അതേസമയം കോപാ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മെസ്സിക്കെതിരേ കടുത്ത ശിക്ഷാ നടപടി കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെസ്സിക്ക് കോണ്‍മബോള്‍ രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് പ്രശസ്ത സ്പോര്‍ട്സ് വെബ്സൈറ്റായ എ എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.