വാടാനപ്പള്ളി: മനോനില തെറ്റി വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന ദീദി എന്ന യുവതിയുടെ കയ്യിലെ സമ്ബാദ്യം എത്രയെന്നോ,1,11,698 രൂപ. ഇവരുടെ കൈയിലെ പണം രണ്ടുമണിക്കൂര്‍ കൊണ്ടാണ് അധികൃതര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.
25, 50, ഒന്ന്, രണ്ട്, അഞ്ച് രൂപ നാണയങ്ങളും അഞ്ച്, 10, 20, 50, 100 രൂപ നോട്ടും വിദേശ കറന്‍സിയും ഇതില്‍പെടുന്നു. വാടാനപ്പള്ളി സെന്ററില്‍ വര്‍ഷങ്ങളായി മനോനില തെറ്റി കഴിയുന്ന ഇതരസംസ്ഥാനക്കാരിയാണ് ദീദി.
സെന്ററിലെ റോഡരികില്‍ ഭക്ഷണം പാചകം ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. ആളുകള്‍ നല്‍കുന്ന നാണയം മുതല്‍ നോട്ടുവരെ ഇവര്‍ ഒരു ചാക്കിലാക്കി സൂക്ഷിക്കും. പ്രമീള എന്ന യുവതിയും ഇവരെപ്പോലെ അലഞ്ഞുനടക്കുന്നുണ്ടായിരുന്നു.
ഇവരുടെ അവസ്ഥ കണ്ട് ചികിത്സ നല്‍കാനായി പോലീസ് കോടതിയെ സമീപിച്ചു.
തുടര്‍ന്ന്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ.കെ. സുധീഷും ഇടപെട്ട് ഇവരെ ആശുപത്രിയിലാക്കാന്‍ തീരുമാനിച്ചു. അതിന് മുന്നോടിയായി പോലീസ് സഹായത്തോടെ ചാക്ക് പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ സമ്ബാദ്യമാണ് അതിലിരിക്കുന്നതെന്ന് അറിയുന്നത്. മോഷ്ടാക്കളുടെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍ ഇത് സൂക്ഷിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. ഷിജിത്ത്, വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാന്‍, അംഗങ്ങളായ എ.എ. അബു, സുധീഷ്, സാബിത്ത്, എന്നിവരുടെ നേതൃത്വത്തില്‍ 16 പേര്‍ പണം പഞ്ചായത്ത് ഓഫിസില്‍ എത്തിച്ച് വൈകീട്ട് അഞ്ചുമണിക്ക് എണ്ണല്‍ ആരംഭിച്ചു. രാത്രി ഏഴുമണിയോടെയാണ് പൂര്‍ത്തിയായത്.
വോട്ട് എണ്ണുംപോലെ തരംതിരിച്ചായിരുന്നു എണ്ണല്‍. ദീദിയെയും പ്രമീളയെയും കോടതിയിലും പിന്നീട് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. ഇവര്‍ തിരിച്ചുവരും വരെ പണം പഞ്ചായത്ത് പ്രസിഡന്റ്, വാടാനപ്പള്ളി എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ ബാങ്കില്‍ നിക്ഷേപിക്കും.