ലക്നോ: ദളിത് യുവാവിനെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ക്കുമേല്‍ ഒരു തരത്തിലുള്ള സമ്മര്‍ദവും ചലുത്തിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്ര. തന്റെ മകള്‍ പ്രായപൂര്‍ത്തിയായ ആളാണ്. തീരുമാനം എടുക്കാനുള്ള എല്ലാ അവകാശവും അവള്‍ക്കുണ്ട്. തന്റെ കുടുംബത്തിലേയോ താനുമായി ബന്ധപ്പെട്ട ആരും തന്നെയോ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ല. മകളുടെ വിവാഹത്തിന് എതിരല്ല.
യുവാവിന് മകളേക്കാള്‍ ഒമ്ബതു വയസ് കൂടുതലാണെന്നതാണ് തന്റെ ഏക ആശങ്ക. ഒരു പിതാവെന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടെന്നും ബരേലി ജില്ലയിലെ ബിതാരി ചെയ്ന്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ രാജേഷ് മിശ്ര പറഞ്ഞു.
രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര സമൂഹ മാധ്യമങ്ങളിലൂടെ പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാജേഷ് മിശ്രയും കൂട്ടാളികളും തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സാക്ഷി മിശ്ര പറഞ്ഞു. ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവര്‍ വിവാഹിതരായത്.