ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രാജിവെച്ച മന്ത്രിയും എം.എല്‍.എയുമായ എം.ടി.ബി. നാഗരാജുമായി കൂടിക്കാഴ്ച നടത്തി.കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഏറ്റവുമൊടുവില്‍ രാജിവച്ചയാളാണ് എം.ടി.ബി. നാഗരാജ്. മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയായ കെ. സുധാകറിനൊപ്പമാണ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഇവരുടെ രാജിയിലും സ്പീക്കര്‍ കെ. രമേശ് കുമാര്‍ തീരുമാനമെടുത്തിരുന്നില്ല.
നാഗരാജിന്റെ വസതിയിലെത്തിയാണ് ശിവകുമാര്‍ അദ്ദേഹത്തെ കണ്ടത്. രാജിവച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് ശിവകുമാര്‍ എം.ടി.ബി. നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ നാഗരാജ് എന്തു തീരുമാനമെടുത്തുവെന്ന് വ്യക്തമല്ല. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മുഴുവന്‍ എം.എല്‍.എമാരെയും ബെംഗളൂരുവിലെ താജ് ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് എം.എല്‍.എമാരെ യശ്വന്തപുരയിലെ ഹോട്ടലിലേക്ക് മാറ്റിയത്.