തിരുവനന്തപുരം: കുത്തേറ്റ അഖില്‍ ദേശീയ പവര്‍ലിഫ്റ്റിങ് സ്വര്‍ണമെഡല്‍ വിജയിയാണെന്ന് മാതാപിതാക്കളും കൂട്ടുകാരും.പവര്‍ലിഫ്റ്റിങ്ങില്‍ ശ്വാസമെടുക്കുന്നത് പ്രധാനഘടകമാണെന്നതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും അഖിലിനും മാതാപിതാക്കള്‍ക്കുമുണ്ട്. ഡോക്ടര്‍മാരും പരിശീലകരും നല്ലതിനായി പ്രാര്‍ഥിക്കാനാണ് പറഞ്ഞതെന്ന് അച്ഛന് ചന്ദ്രന് പറയുന്നു.
ദേശീയമത്സരത്തില്‍ മകന് അഖില്‍നേടിയ സര്‍ട്ടിഫിക്കറ്റുകളും കൈയില്‍പ്പിടിച്ച് സങ്കടപ്പെടുകയാണ് അമ്മ ജിജുലാല്‍. ഇല്ലാതായത് അവന്റെ സ്വപ്നങ്ങളാണ്. ഇനി അവനെങ്ങനെ മത്സരിക്കും. ഒരു ജോലി കിട്ടുമോ” -ആ അമ്മ ചോദിക്കുന്നു. ഓള് ഇന്ത്യ ഫെഡറേഷന് നാഷണല്‍ സബ്ജൂനിയര് പവര്‍ലിഫ്റ്റിങ്, ജൂനിയര്‍ സൗത്ത് ഇന്ത്യ പവര്‍ലിഫ്റ്റിങ്, കേരള സബ് ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പ് തുടങ്ങിയ ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ പവര്‍ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയിട്ടുണ്ട് അഖില്‍. ഉടന്‍ നടക്കാനിരിക്കുന്ന കേരള സര്‍വകലാശാല മത്സരത്തിന് തയ്യാറെടുത്തുവരികയായിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോൾ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയില്‍ പങ്കെടുത്ത് വിജയിയായിട്ടുമുണ്ട് ഈ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി. സ്പോര്‍ട്സ് ക്വാട്ടയില്‍ കോളേജിലെത്തിയപ്പോഴാണ് പവര്‍ലിഫ്റ്റിങ്ങിലേക്ക് തിരിഞ്ഞത്. യൂണിവേഴ്സിറ്റി കോളേജില്‍ പോകുന്നതിന് വീട്ടില്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍, അവിടെ നല്ല മേല്‍നോട്ടം കിട്ടും എന്നതായിരുന്നു അവിടെച്ചേരാന്‍ അഖില്‍ പറഞ്ഞ കാരണമെന്ന് വീട്ടുകാര്‍ പറയുന്നു.
കുത്തിയ ശിവരഞ്ജിത്താകട്ടെ ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തയാളും. കുട്ടിക്കാലംമുതല്‍ അറിയാവുന്നവരും കായികമത്സരങ്ങളില്‍ വിജയികളാകുമ്പോൾ പരസ്പരം അഭിനന്ദിക്കുന്നവരുമാണ് ക്യാമ്പസിലെ പ്രശ്നത്തില്‍ കായികജീവിതംതന്നെ പ്രതിസന്ധിയിലാക്കിയത്.
എല്ലാദിവസവും പരിശീലനത്തിനുപോകും. എസ്.എഫ്.ഐ. ആറ്റുകാല്‍ ലോക്കല്‍ കമ്മിറ്റി അംഗവും നാട്ടിലെ സജീവ പ്രവര്‍ത്തകനുമാണ്. കായികമത്സരത്തില്‍ വിജയിച്ച് എങ്ങനെയെങ്കിലും ഒരു ജോലി നേടുകയായിരുന്നു ലക്ഷ്യം.അതിനാല്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നില്ല. കഴിഞ്ഞവര്‍ഷം ദേശീയമത്സരത്തില്‍ വിജയിച്ചപ്പോള്‍ കോളേജില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇത് അന്നത്തെ എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയായ ആരോമലിന്റെ നേതൃത്വത്തില്‍ വലിച്ചുകീറിക്കളഞ്ഞതായി സഹോദരി ചിഞ്ചു പറയുന്നു.