തിരുവനന്തപുരം : സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട യൂണിറ്റ് കമ്മിറ്റിക്ക് പകരമായി യൂണിവേഴ്സിറ്റി കോളേജില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലുള്ള കുപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ആശയപരമായി വിദ്യാര്‍ഥികളോട് സംവദിച്ച് എസ്‌എഫ്‌ഐ സംഘടനാ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കോളേജിലെയും ഹോസ്റ്റലിലെയും വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തുക, കോളേജിലും ഹോസ്റ്റലിലും സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുക, പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ കോളേജില്‍ ക്യാമ്ബ് ചെയുന്ന രീതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും എസ്‌എഫ്‌ഐ മുന്നോട്ട് വെച്ചിട്ടുണ്ട്. ക്യാമ്ബസില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്തരീക്ഷം ഉണ്ടാകണമെന്നും എസ്‌എഫ്‌ഐ പറഞ്ഞു.