പ്രളയം: അപ്പീൽ അപേക്ഷകൾ ജൂലൈ 30 നകം തീർപ്പാക്കും: മന്ത്രി എ സി മൊയ്തീൻ

122

തൃശൂർ : പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർ നൽകിയ അപ്പീൽ അപേക്ഷകൾ സംസ്ഥാന സർക്കാർ ജൂലൈ 30 നകം തീർപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. ടൗൺഹാളിൽ ജില്ലയുടെ പ്രളയാനന്തര അതിജീവന ശ്രമങ്ങളെ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ജനകീയം ഈ അതിജീവനം പൊതുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അർഹതപ്പെട്ട ഒരാൾക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടരുത് എന്നതാണ് സർക്കാർ നയം. അർഹർക്ക് സഹായങ്ങൾ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ചുവപ്പ് നാടയിൽ കുരുങ്ങി കേരളത്തിൻെ്‌റ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ സർക്കാർ അനുവദിക്കില്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവ സർക്കാർ പരിഹരിക്കും. കേരളത്തിൻെ്‌റ പുനർനിർമ്മാണത്തിന് എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം. സമാനതകളില്ലാത്ത ദുരന്തമാണ് 2018 ഓഗസ്റ്റ് മാസത്തിൽ കേരളം നേരിട്ടത്. അതിജീവനത്തിൻെ്‌റ ഭാഗമായി ജില്ലയിൽ മാത്രം 775 കോടിരൂപയുടെ പ്രവർത്തനങ്ങൾ നടത്തുകയും അർഹതപ്പെട്ടവർക്ക് സഹായങ്ങൾ നൽകുകയും ചെയ്തു. 500 വീടുകളാണ് കെയർ ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്നത്. സംസ്ഥാനത്ത് ഈ രീതിയിൽ എറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് ജില്ലയിലാണ്.

പ്രളയത്തിൽ സർക്കാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, യുവാക്കളും, വീട്ടമ്മമാരും സന്നദ്ധപ്രവർത്തകരും, മത്സ്യതൊഴിലാളികളും ഉൾപ്പടെയുള്ളവർ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച്ചവെച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുൾപ്പടെയുള്ള മുഴുവൻ പണവും സുതാര്യമായാണ് സർക്കാർ ചെലവഴിക്കുന്നത്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണജനകമാണ്. മത്സ്യതൊഴിലാളികളുടെ വീടുകൾ നവീകരിക്കുന്നതിന് 1300 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി വരികയാണ്.

31000 കോടിരൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് കേരളത്തിനാവശ്യമെന്നും ഇതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതിനാൽ തീരദേശമേഖലയിൽ ജാഗ്രതവേണമെന്നും വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിര ഇടപെടൽ നടത്തണമെന്നും മന്ത്രി കൂട്ടിചേർത്തു.

NO COMMENTS