കൊച്ചി: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് ആശംസകൾ നേർന്ന് എളങ്കുന്നപ്പുഴ ഗവ. സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. ചന്ദ്രമനുഷ്യൻ വിദ്യാർത്ഥികൾക്ക് ചാന്ദ്രവിസ്മയമായി. ചന്ദ്രനിലെ അറിയാ രഹസ്യങ്ങള് തേടി ഇന്ത്യയുടെ ചാന്ദ്രപേടകം ചാന്ദ്രയാൻ 2 ന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിപാടിയിൽ അനുമോദിച്ചു.
കുട്ടികളിൽ ശാസ്ത്രാവബോധം ജനിപ്പിക്കുന്നതിനും ഗവേഷണതൽപരത ഉണർത്തുന്നതിനുമായിട്ടാണ് ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ എളങ്കുന്നപ്പുഴ ഗവ. ഹൈസ്ക്കൂൾ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളിൽ കൗതുമുണർത്തി ഡ്രാഗ് മീ ഡൗൺ എന്ന ആൽബത്തിന്റെ അകമ്പടിയോടൊപ്പം സയൻസ് ക്ലബ്ബ് അംഗമായ പത്താം ക്ലാസ് വിദ്യാർത്ഥി അക്ഷയ് കുമാർ ബഹിരാകാശയാത്രാ വേഷധാരിയായി ബഹിരാകാശ യാത്രാ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
ചാന്ദ്രദൗത്യങ്ങളുടെ വീഡിയോ പ്രദർശനത്തിന് ശേഷം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് നാസ പത്രലേഖക പരിവേഷമണിഞ്ഞു ലീന ടീച്ചർ മറുപടി നൽകി . യു.പി വിഭാഗം ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മീരാ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനവും മുഹമ്മദ് നിസാമിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ അനഘ ബാബുവിന് ഒന്നാം സ്ഥാനവും സാനിയ ലീന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച റോക്കറ്റ് മോഡൽ മത്സരത്തിൽ യു.പി വിഭാഗത്തിൽ ആരോൺ ജയിംസ് ഡിക്കുഞ്ഞയും ഹൈസ്കൂളിൽ അഭിഷേകും ഒന്നാമതെത്തി. ചന്ദ്രയാൻ 2 ന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു കൊണ്ട് കത്തെഴുത്ത് മത്സരവും നടത്തി.
ശാസ്ത്ര ക്ലബ് ചുമതലയുള്ള അദ്ധ്യാപകരായ ലിസ്സി തോമസ്, ലീന, സിന്ധു എം, പ്രധാനാദ്ധ്യാപിക എൻ.കെ. സീമ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. സ്കൂൾ പിടിഎ പ്രസിഡന്റ് രാജീവ് ആയിച്ചോത്ത് ചന്ദ്രനെക്കുറിച്ചുള്ള കവിതകളും സിനിമാ ഗാനങ്ങളും ആലപിച്ചു.