പ്ലസ്‌ വണ്‍ പ്രവേശനം

864

2016-2017 സ്‌കൂള്‍ വര്‍ഷത്തിലെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ 13 ന് നടക്കും. ജൂലായ് ആദ്യവാരം ക്ലാസുകള്‍ തുടങ്ങും.മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ലഭ്യമായ സീറ്റുകളില്‍ 95 ശതമാനത്തിലും പ്രവേശനം പൂര്‍ത്തിയായിരിക്കും.ഇതിന് ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്‌ളിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തിയായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നത്. സപ്‌ളിമെന്ററി അലോട്ട്മെന്റിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.
അപേക്ഷകര്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍, അതിന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ പ്രവേശനം സ്ഥിരപ്പെടുത്തുന്നതുവരെ മുകളിലുള്ള ഓപ്ഷനുകള്‍ (Higher Options) നിലനില്ക്കും.

എന്നാല്‍ അപേക്ഷകന് ആവശ്യമുള്ളപക്ഷം Higher Options മാത്രമായി റദ്ദാക്കാവുന്നതാണ്. ഇതിനായി നിര്‍ദേശിക്കപ്പെടുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളിനെ സമീപിക്കണം. സബ്ജക്ട് കോംബിനേഷനോടൊപ്പം അപേക്ഷകന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭാഷ (മലയാളം,ഹിന്ദി തുടങ്ങിയവ) അപേക്ഷയില്‍ കാണിക്കേണ്ട ആവശ്യമില്ല. ഓരോ സ്‌കൂളിലും ലഭ്യമായ ഉപഭാഷകളുടെ വിശദാംശം അനുബന്ധമായി നല്കിയിട്ടുണ്ട്. അവയുടെ ലഭ്യതയനുസരിച്ച് സ്‌കൂള്‍ അധികൃതരാണ് ഉപഭാഷ അനുവദിച്ച് നല്കുന്നത്.
ഏകജാലക പ്രവേശന പ്രക്രിയ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താത്കാലികമോ സ്ഥിരമോ ആയ പ്രവേശനം നിര്‍ബന്ധമായും നേടിയിരിക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥി, നിര്‍ദിഷ്ട സ മയത്തിനകം പ്രവേശനം നേടാതിരുന്നാല്‍ ‘Non-joining’ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഇപ്രകാരം Non -joining ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ അപേക്ഷാ വിവരങ്ങള്‍ പ്രവേശന പ്രക്രിയയില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യപ്പെടും. അതിന്റെ ഫലമായി തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ നിന്നും താനേ വെളിയില്‍
പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഏത് ഓപ്ഷന്‍ ആദ്യം ലഭിച്ചാലും പ്രവേശനം നേടുക. മെച്ചപ്പെട്ട ഓപ്ഷനായി കാത്തിരിക്കുക. Higher options ഒന്നുംതന്നെ ലഭിക്കാതെ വരുന്നെങ്കില്‍ ആദ്യം നേടിയ താത്കാലിക പ്രവേശനം സ്ഥിരമാക്കി മാറ്റുക.
തീരെ സൗകര്യപ്രദമല്ലാത്ത ഓപ്ഷനിലാണ് താത്കാലിക പ്രവേശനം നേടിയതെന്നതിനാല്‍, അതില്‍ തുടരാന്‍ ആഗ്രഹിക്കാത്തപക്ഷം പ്രവേശനം റദ്ദ് ചെയ്ത്, മാനേജ്മെന്റ് സീറ്റിലോ മറ്റോ അഡ്മിഷന്‍ ലഭിക്കുമെന്നുണ്ടെങ്കില്‍ അത് തരപ്പെടുത്തുന്നതിന് തടസ്സമില്ല. ഓരോ അലോട്ട്മെന്റിന്റെ ലിസ്റ്റും പ്രസിദ്ധീകരിച്ച വാര്‍ത്ത അറിഞ്ഞാലുടന്‍തന്നെ ഇന്റര്‍നെറ്റിലെ വെബ് ബ്രൗസറിന്റെ അഡ്രസ്ബാറില്‍ അഡ്മിഷന്‍ വെബ്സൈറ്റിന്റെ അഡ്രസ്സായ www.hscap.kerala.gov.in എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.
ഹോംപേജില്‍ അപേക്ഷാ നമ്പര്‍, ജനനത്തീയതി എന്നിവ ടൈപ്പ് ചെയ്ത ശേഷം അപേക്ഷിച്ച ജില്ല സെലക്ട് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അലോട്ട്മെന്റ് വിവരങ്ങള്‍ നേരില്‍ കാണാന്‍ കഴിയും. അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ അഭിനന്ദനങ്ങളും ലഭിച്ച സ്‌കൂള്‍, സബ്ജക്ട് കോംബിനേഷന്‍ മുതലായ വിവരങ്ങളും ആദ്യ പേജില്‍ കാണാം.

ഇതേ പേജിലെ അലോട്ട്മെന്റ് സ്ലിപ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷാ വിവരങ്ങളും അലോട്ട്മെന്റ് വിവരങ്ങളുമടങ്ങിയ അലോട്ട്മെന്റ് ലെറ്റര്‍ കാണാം. അലോട്ട്മെന്റ് ലെറ്ററിന്റെ മാത്രം പ്രിന്റ് ഔട്ട് എടുത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലും ലഭിച്ച റാങ്കും ആ സ്‌കൂളില്‍ ഓരോ വിഭാഗത്തിലും അവസാനം അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികളുടെ റാങ്കും, WGPA വിവരങ്ങളും ലഭിക്കും.
അഡ്മിഷന്‍ കമ്മിറ്റി

ഏകജാലക പ്രവേശന പ്രക്രിയയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ ഒരു അഞ്ചംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലാണ് പ്രസ്തുത കമ്മിറ്റിയുടെ കണ്‍വീനര്‍. കമ്പ്യൂട്ടര്‍ അധ്യാപകന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അധ്യാപകന്‍ അടക്കം നാല് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാണ് കമ്മിറ്റിയംഗങ്ങള്‍.

കമ്മിറ്റിയുടെ പ്രവര്‍ത്തനം സുഗമമായി മുന്‍പോട്ട് കൊണ്ടുപോകേണ്ട ചുമതല പ്രിന്‍സിപ്പലിനെന്നപ്പോലെ അംഗങ്ങള്‍ക്കുമുണ്ടായിരിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച സംശയനിവൃത്തിവരുത്തിക്കൊടുക്കുക, പരാതികള്‍ പരിശോധിച്ച് പരിഹാരമുണ്ടാക്കുക എന്നിങ്ങനെ പ്രവേശന സംബന്ധമായി സ്‌കൂള്‍ തലത്തില്‍ കൈക്കൊള്ളേണ്ട തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല അഡ്മിഷന്‍ കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.
ഹെല്‍പ്പ് ഡെസ്‌ക്കുകള്‍

അഡ്മിഷന്‍ കമ്മിറ്റിക്ക് പുറമെ, പ്ലസ്വണ്‍ പ്രവേശനം സംബന്ധിച്ച എല്ലാവിധ സംശയങ്ങളും പരിഹരിക്കുന്നതിന് സ്‌കൂള്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു സംവിധാനമാണ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍. അധ്യാപകരും രക്ഷാകര്‍തൃസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കും. ഇതിന്റെ പ്രവര്‍ത്തന മേല്‍നോട്ടവും ഉത്തരവാദിത്വവും അതത് പ്രിന്‍സിപ്പല്‍മാരില്‍ നിക്ഷിപ്തമാണ്.

സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ക്ക് പുറമെ ജില്ലാതലത്തിലും മേഖലാ തലത്തിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഉണ്ടായിരിക്കും. ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. മേഖലാതല ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ മേല്‍നോട്ടം റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്കായിരിക്കും. അക്കാദമിക് ജോയന്റ് ഡയറക്ടര്‍ക്കാണ് സംസ്ഥാനതല ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതല.
വിഭിന്നശേഷികളുള്ള വിദ്യാര്‍ഥികള്‍

മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്‍-എയിഡഡ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിഭിന്നശേഷി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികളുടെ കൗണ്‍സലിങ്ങിനായും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായും ഓരോ ജില്ലയിലും പ്രത്യേക സമിതികളെ നിയമിച്ചിട്ടുണ്ട്. പ്രായോഗിക പരീക്ഷകളുള്ള വിഷയങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന വിഭിന്നശേഷി വിഭാഗ വിദ്യാര്‍ഥികള്‍ പ്രസ്തുത സമിതിക്ക് മുന്‍പില്‍ ഹാജരാകണം.

ഇത്തരം വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള അപേക്ഷകന്റെ പ്രാപ്തി വിലയിരുത്തി, സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സമിതി മുന്‍പാകെ ഹാജരാക്കി, അവിടെനിന്ന് ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ അപേക്ഷാഫോമില്‍ രേഖപ്പെടുത്തണം. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, പത്താംതരം സര്‍ട്ടിഫിക്കറ്റ്, അപേക്ഷയുടെ പ്രിന്റൗട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം, രക്ഷാകര്‍ത്താവിനൊപ്പമാണ് അപേക്ഷകര്‍ കൗണ്‍സലിങ്ങിനെത്തേണ്ടത്.
ഓരോ ജില്ലയിലെയും കൗണ്‍സലിങ്ങിന്റെ തീയതി, സ്ഥലം, ഹയര്‍സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഫോണ്‍ നമ്പര്‍ എന്നിവ യഥാസമയം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്ന് അറിയിക്കും.

മാനേജ്‌മെന്റ്/കമ്യൂണിറ്റി സീറ്റുകള്‍

എയിഡഡ് മേഖലയിലെ സ്‌കൂളുകളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതത് മാനേജ്‌മെന്റുകള്‍ക്കാണ്. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം വേണമെന്നുള്ളവര്‍ അതത് സ്‌കൂളുകളില്‍നിന്ന് ഈ ആവശ്യത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് അവിടെത്തന്നെ നല്‍കേണ്ടതാണ്.
ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാഫോം ഇതിനായി ഉപയോഗിക്കാന്‍ പാടില്ല. കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളില്‍ അതത് സമുദായത്തില്‍പെട്ട കുട്ടികളെ മെറിറ്റ് അടിസ്ഥാനമാക്കി മാത്രമായിരിക്കും പ്രവേശിപ്പിക്കുക.
സ്‌കൂളധികൃതര്‍ മാനേജ്‌മെന്റ് സീറ്റുകളിലെ അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതും ഹാജര്‍ ബുക്കിന്റെയും അഡ്മിഷന്‍ രജിസ്റ്ററിന്റെയും റിമാര്‍ക്‌സ് കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ചട്ടവിരുദ്ധമായി നടത്തുന്ന പ്രവേശനങ്ങള്‍ പുനഃപരിശോധിക്കാനും വേണ്ടിവന്നാല്‍ റദ്ദ് ചെയ്യാനുമുള്ള അധികാരം ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കുണ്ട്.
സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശനം
സ്‌പോട്‌സ് ക്വാട്ട പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഏകജാലക പ്രവേശനംവഴി മെറിറ്റ് സീറ്റിലേക്കും അപേക്ഷ സമര്‍പ്പിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്‌പോട്‌സ് സീറ്റുകളുടെ സ്‌കൂള്‍ തിരിച്ചുള്ള വിശദാംശം ഹയര്‍സെക്കന്‍ഡറിയുടെയും സ്‌പോട്‌സ് കൗണ്‍സിലിന്റെയും വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
സ്‌പോട്‌സ് ക്വാട്ടയിലെ പ്രവേശന വിവരങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സ്‌കൂളില്‍നിന്ന് വെബ്‌സൈറ്റ് മുഖേന കേന്ദ്രീകൃത പ്രവേശന രജിസ്ട്രിയിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതിനായി മാറ്റിവെച്ചിരിക്കുന്ന സീറ്റുകള്‍ ബാക്കിവരുന്നപക്ഷം അവ ഏകജാലക പ്രവേശനം വഴി നികത്തും. സ്‌പോട്‌സ് ക്വാട്ടയിലെ പ്രവേശനത്തിന്റെ അവസാന തീയതിക്ക്‌ശേഷം ഈ വിഭാഗത്തിലുണ്ടാകുന്ന ഒഴിവുകളിലേക്ക് സ്‌കൂള്‍തലത്തില്‍ പ്രവേശനം നടത്തുന്നതല്ല.
സ്‌പോട്‌സ് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ അഭ്യര്‍ഥനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഏതാനും സ്‌കൂളുകളില്‍ സ്‌പോട്‌സ്‌ക്വാട്ട സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സ്‌കൂളില്‍ അധികമായി നല്‍കുന്ന സീറ്റുകള്‍ സമീപ സ്‌കൂളിലെ സ്‌പോട്‌സ് ക്വാട്ട സീറ്റുകളില്‍നിന്ന് കുറവുചെയ്ത് ക്രമീകരിക്കും.
ഇത്തരത്തില്‍ ക്രമീകരിക്കപ്പെട്ട സീറ്റ് മെട്രിക്‌സ് ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്. സ്‌പോട്‌സ്‌ക്വാട്ട അഡ്മിഷന് അപേക്ഷിക്കുന്നതിനുള്ള സമയക്രമം പ്രത്യേകമായിട്ടായിരിക്കും പ്രഖ്യാപിക്കപ്പെടുക. ഏകജാലക പ്രവേശനത്തിനുള്ള അഡ്മിഷന്‍ ഷെഡ്യൂളില്‍നിന്നും വ്യത്യസ്തമായ തീയതികളിലായിരിക്കും ഇവ ക്രമീകരിച്ചിരിക്കുന്നത്.
ഒഴിവ് വരുന്ന SC/ST സീറ്റുകള്‍
അവസാന അലോട്ട്‌മെന്റിന് ശേഷവും SC/ST വിഭാഗം സീറ്റുകളില്‍ ഒഴിവുകളുണ്ടെങ്കില്‍ പ്രസ്തുത വിഭാഗങ്ങളില്‍ പെടുന്നതും മുന്‍പ് അപേക്ഷിക്കാന്‍ കഴിയാതിരുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ അവസരം നല്‍കും. പ്രസ്തുത അപേക്ഷകള്‍ പരിഗണിച്ചശേഷവും ഒഴിവുകള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിലേക്ക് ആദ്യം OEC വിഭാഗത്തെ പരിഗണിക്കും.
OEC വിഭാഗത്തിന്റെ ജനസംഖ്യാനുപാതികമായി ശതമാനം കണക്കാക്കിയായിരിക്കും സീറ്റുകള്‍ നല്‍കുന്നത്. പിന്നെയും ഒഴിവുകളുണ്ടെങ്കില്‍ പ്രസ്തുത സീറ്റുകളെ പൊതുമെറിറ്റ് സീറ്റുകളായി പരിഗണിച്ച് OBC യിലെ ഈഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക, SIUC, മറ്റു പിന്നാക്ക ക്രിസ്ത്യന്‍, മറ്റു പിന്നാക്ക ഹിന്ദു എന്നീ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്‍കും.
സര്‍ക്കാര്‍ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും SC/ST സീറ്റുകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നത് ഒരേ മാനദണ്ഡമനുസരിച്ചായിരിക്കും.

ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ ഏഴ്

ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 13

ക്ലാസുകള്‍ തുടങ്ങുന്ന തീയതി: ജൂലായ് ആദ്യവാരം

കടപ്പാട് : മാതൃഭൂമി< small>

NO COMMENTS

LEAVE A REPLY