ദുരന്തനിവാരണം: ജലവിഭവ വകുപ്പിൽ 483.84 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

174

തിരുവനന്തപുരം : സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നും ജലവിഭവ വകുപ്പിന് അനുവദിച്ച 535 കോടി രൂപയിൽ 483.84 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി. 6,667 പദ്ധതികളാണ് ഈ തുക വിനിയോഗിച്ച് നടപ്പാക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ജലസേചന വകുപ്പിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാക്കി തുകയുടെ പദ്ധതികൾ ഉടൻ തയാറാവും.

5,480 പ്രവൃത്തികൾക്ക് ഭരണാനുമതിയും 4,696 പ്രവൃത്തികൾക്ക് സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞു. 362 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതിയും 306.93 കോടി രൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതിയും ലഭിച്ചു. കാലതാമസം ഇല്ലാതെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നൽകി.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച തീരസംരക്ഷണ നടപടികളും യോഗത്തിൽ വിലയിരുത്തി. 22.50 കോടി രൂപയാണ് തീരസംരക്ഷണത്തിനായി ഈവർഷം പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്. ഇതിൽ 12.13 കോടി രൂപ ചെലവഴിച്ചതായി ചീഫ് എൻജിനിയർമാർ അറിയിച്ചു.

കടലാക്രമണം ഇപ്പോഴും രൂക്ഷമായ സ്ഥലങ്ങളിൽ അടിയന്തര നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജിയോബാഗ് പോലുള്ളവ ഉപയോഗിക്കാൻ പറ്റാത്ത പ്രദേശങ്ങളിൽ പാറക്കല്ല് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. നിരക്ക് കൂട്ടി നിശ്ചയിച്ചതോടെ പാറക്കല്ല് ലഭിക്കുന്നതിനുള്ള പ്രധാന തടസം നീങ്ങിയതായി യോഗം വിലയിരുത്തി.
സ്ഥിരമായി കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ നേരത്തേതന്നെ സ്വീകരിക്കാൻ ധാരണയായി.

കല്ലിന്റേയും മറ്റും ലഭ്യത മുൻകൂട്ടി ഉറപ്പാക്കും. അത്യാവശ്യഘട്ടങ്ങളിൽ ഉണ്ടാവുന്ന സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ ആവശ്യമായ കരുതൽ വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ വകുപ്പ് സെക്രട്ടി ഡോ. ബി. അശോക്, ചീഫ് എൻജിനിയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS