തിരുവനന്തപുരം : അഞ്ചുദിവസമായി തലസ്ഥാനത്ത് സംഗീതമഴ പെയ്യിച്ച നിശാഗന്ധി മൺസൂൺ രാഗാസ് സംഗീതോത്സവത്തിന് സമാപനമായി. ആദ്യ നിശാഗന്ധി സംഗീതപുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സംഗീതജ്ഞരായ പാറശ്ശാല ബി. പൊന്നമ്മാൾ, ഡോ. ടി.വി ഗോപാലകൃഷ്ണൻ എന്നിവർക്ക് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു.സംഗീതത്തിന്റെ വരദാനങ്ങളെയാണ് ആദ്യ നിശാഗന്ധി പുരസ്കാരം നൽകി ആദരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്നതിനാണ് നിശാഗന്ധി നൃത്തോത്സവവും സംഗീതോത്സവവും വെവ്വേറെ നടത്താനും സംഗീത പുരസ്കാരം പ്രത്യേകം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് വൈവിധ്യപൂർണമായ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 12 കേന്ദ്രങ്ങളിലായി ആഗസ്റ്റിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൻമനാട്ടിൽ ലഭിക്കുന്ന പുരസ്കാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നതായി മറുപടി പ്രസംഗത്തിൽ പാറശ്ശാല ബി. പൊന്നമ്മാൾ അഭിപ്രായപ്പെട്ടു. പുരസ്കാരം ഗുരുനാഥൻമാർക്ക് സമർപ്പിക്കുന്നതായി ഡോ.ടി.വി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം.ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസയർപ്പിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു. തുടർന്ന് രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിച്ച ഫ്ളൂട്ട് ഫ്യൂഷൻ സംഗീതവും ക്ലാസിക്കൽ ഫ്യൂഷൻ ബാൻറിന്റെ ശിവ-മ്യൂസിക്കൽ തണ്ടറും അരങ്ങേറി.