ആലപ്പുഴ ബൈപ്പാസ് – റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി

212

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്പാനുകൾ സ്ഥാപിക്കുന്നതിനുള്ള ഡിസൈൻ പരിശോധനയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

റെയിൽവേ ഓവർബ്രിഡ്ജ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ആറു കോടി രൂപ രണ്ടരമാസം മുമ്പ് നൽകിയിരുന്നു. 274 കോടി രൂപയുടെ ബൈപ്പാസ് നിർമാണത്തിൽ റെയിൽവേ ഓവർബ്രിഡ്ജുകളുടെ പണി മാത്രമാണ് ബാക്കിയുള്ളത്. കൊമ്മാടി മുതൽ കളർകോടു വരെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്.

ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ നഗരത്തിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. 2015 ഫെബ്രുവരിയിലാണ് ബൈപ്പാസ് നിർമാണം ആരംഭിച്ചത്. ഇതിൽ 3.3 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ കടപ്പുറത്തിന്റെ സൗന്ദര്യം കുറയാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ നിർമിച്ചത്.

2.6 കിലോമീറ്റർ സർവീസ് റോഡുമുണ്ട്. ഹൈവേയുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങൾക്കുള്ള 1.50 മീറ്റർ പേവ്ഡ് ഷോൾഡറോടു കൂടിയ പാതയാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പ്രധാന കവലകളും നാലു ചെറിയ കവലകളും ഉൾപ്പെടുന്നു.

NO COMMENTS