ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ ഗൈഡുകൾക്കാകണം – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

164

തിരുവനന്തപുരം : പരിശീലനം പൂർത്തിയാക്കിയ ടൂറിസ്റ്റ് ഗൈഡുകൾക്ക് സർട്ടിഫിക്കറ്റും ലൈസൻസും വിതരണം ചെയ്തു. ടൂറിസം രംഗത്തെ ബ്രാൻഡ് അംബാസിഡർമാരാകാൻ സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകൾക്ക് കഴിയണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൈക്കാട് കിറ്റ്സ് ഇന്റർനാഷണൽ ടൂറിസം ട്രെയിനിംഗ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ സംസ്ഥാനതല, പ്രാദേശികതല ടൂറിസ്റ്റ് ഗൈഡുകൾക്ക് സർട്ടിഫിക്കറ്റും ലൈസൻസും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിനെ അറിയാനും വിനോദസഞ്ചാരികളെക്കൊണ്ട് നല്ലവാക്ക് പറയിക്കാനും ഗൈഡുമാർക്കാകണം. കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനും ടൂറിസം ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഗൈഡുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയത്. ടൂറിസം മേഖലകളിൽ അനധികൃത ഗൈഡുകളെ ഒരു കാരണവശാലും അനുവദിക്കില്ല. സംസ്ഥാനതലത്തിൽ വനിതാ ഗൈഡുകൾക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. പരസ്യവാചകങ്ങളെക്കാൾ അതിഥികൾ ഉള്ളുതുറന്നു പറയുന്ന വാക്കുകളാണ് കേരളത്തിന് ലഭിക്കേണ്ട ബഹുമതി. ഗൈഡുകൾ പങ്കുവയ്ക്കുന്ന സംസ്‌കാരം ടൂറിസ്റ്റുകളെ വീണ്ടും കേരളത്തിലെത്തിക്കുന്നതാകണം.

ടൂറിസം പരിശീലനകേന്ദ്രമായ കിറ്റ്സിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കിറ്റ്സ് സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. വി. എസ്. ശിവകുമാർ എം. എൽ. എ. അധ്യക്ഷത വഹിച്ചു. കിറ്റ്സ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, വാർഡ് കൗൺസിലർ വിദ്യാമോഹൻ, ബേബിമാത്യു, ഇ. എം. നജീബ്, പി.കെ. അനീഷ്‌കുമാർ, പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 114 പ്രാദേശികതല ഗൈഡുകളും 49 സംസ്ഥാനതല ഗൈഡുകളുമാണ് കിറ്റ്സിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്.

NO COMMENTS