തിരുവനന്തപുരം : ഗീതാഗോപി എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ചുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തൽ പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. ഈ സംഭവം പട്ടികജാതി വിഭാഗത്തോടുള്ള ജാതീയമായ അധിക്ഷേപമാണെന്ന് കമ്മീഷൻ വിലയിരുത്തി.
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 17 അനുസരിച്ച് ഇന്ത്യയിലാകെ തൊട്ടുകൂടായ്മ നിർത്തലാക്കുകയും ഏത് രൂപത്തിലുള്ള ആചരണവും ശിക്ഷാർഹവുമാണ്. പരസ്യമായി പൊതുജന മധ്യത്തിൽ വച്ച് നിയമവിരുദ്ധമായ തൊട്ടുകൂടായ്മ ആചരിച്ച വ്യക്തികൾക്കെതിരെ ഐ.പി.സി അനുസരിച്ചും എസ്.സി/എസ്.ടി (പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്) അനുസരിച്ചും നിയമനടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കമ്മീഷന് സമർപ്പിക്കുന്നതിന് തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.