ജലവിഭവ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നെതർലാൻഡിന്റെ സാങ്കേതിക സഹായ വാഗ്ദാനം

116

തിരുവനന്തപുരം : കുട്ടനാട്, പമ്പ മേഖലകളിലെ വെള്ളപ്പൊക്കം നേരിടുന്നതിനുള്ള ജലവിഭവവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നെതർലാൻഡിന്റെ സാങ്കേതിക സഹായ വാഗ്ദാനം. ഇതടക്കമുള്ള ജലവിഭവ വിനിയോഗ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപദേശവും സാങ്കേതിക സഹായവും ലഭ്യമാക്കും.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ സന്ദർശിച്ച് ചർച്ച നടത്തിയ നെതർലാൻഡ് അംബാസഡർ മാർട്ടെൻ വാൻഡെൻ ബെർഗും സംഘവുമാണ് സഹായം വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ച് തുടർചർച്ചകൾ നടക്കും. നെതർലാൻഡിലെ രാജാവായ വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കേരളം സന്ദർശിക്കുന്ന വേളയിൽ സാങ്കേതിക വിദഗ്ദ്ധരും ഒപ്പമുണ്ടാകുമെന്ന് നെതർലാൻഡ് സംഘം ഉറപ്പുനൽകി.

പമ്പ, കുട്ടനാട് പ്രദേശങ്ങളെ വെള്ളപ്പൊക്ക കെടുതികളിൽനിന്നും രക്ഷിക്കുന്നതിന് ഹ്രസ്വ, ദീർഘകാല പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഇതിനായുള്ള റൂം ഫോർ റിവർ പദ്ധതിക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ തുടരും. ജലവിഭവമാനേജ്മെന്റ് ടെക്നോളജിയിൽ സഹകരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നെതർലാൻഡിൽനിന്നും ഒരു സംഘം നേരത്തേ കേരളം സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ് സന്ദർശിച്ചവേളയിലും ഇക്കാര്യം ചർച്ചയായിരുന്നു. അതിന്റെ തുടർചർച്ചയാണ് ഇപ്പോൾ നടന്നത്.

റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കുന്ന കാര്യത്തിലും തുടർചർച്ചകൾ നടക്കും. രൂക്ഷമാകുന്ന കടലാക്രമണങ്ങളിൽനിന്നുള്ള തീരങ്ങളുടെ സംരക്ഷണം, ഹരിതഗൃഹ പദ്ധതി, നദീതട സംരക്ഷണം, കാറ്റിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കൽ എന്നിവ സംബന്ധിച്ച പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും അവരുടെ സാങ്കേതിക സഹായം ലഭ്യമാക്കുന്ന കാര്യവും ചർച്ചചെയ്തു.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വകുപ്പിന്റെ ആവശ്യങ്ങൾ വിശദീകരിച്ചു. നെതർലാൻഡ് കോൺസൽ ജനറൽ ജെർട്ട് ഹെയ്ജ്കൂപ്പ്, ജസ് ജെയ്സേർഡ്, ഹൈൻ ലഗേവെൻ എന്നിവരും അംബാസഡർക്ക് ഒപ്പമുണ്ടായിരുന്നു. ചീഫ് എൻജിനിയർമാരായ കെ.എച്ച്. ഷംസുദ്ദീൻ, സുരേഷ്‌കുമാർ, ലീനാകുമാരി, ജലഅതോറിട്ടി ടെക്നിക്കൽ മെമ്പർ ടി. രവീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.

NO COMMENTS