തിരുവനന്തപുരം : കർഷകർക്ക് ലഭിക്കേണ്ട കാർഷിക സ്വർണപണയ വായ്പ നിർത്തലാക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വർണ പണയത്തിൻമേലുള്ള കാർഷിക വായ്പകൾ നിർത്തിവയ്ക്കാനോ പരിമിതപ്പെടുത്തുന്നതിനോ ഉത്തരവോ നിർദേശമോ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാന സർക്കാരിനോ എസ്.എൽ.ബി.സി.യ്‌ക്കോ ലഭിച്ചിട്ടില്ലെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഇപ്പോഴത്തെ ആശങ്ക അടിസ്ഥാനരഹിതവും അസ്ഥാനത്തുമാണ്.
കർഷകർക്ക് നാലുശതമാനം മാത്രം പലിശയിൽ എളുപ്പത്തിൽ ലഭ്യമാക്കുന്ന സ്വർണ പണയ കാർഷിക വായ്പ സംസ്ഥാന കൃഷി വകുപ്പിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാർ നിർത്തലാക്കുന്നുവെന്ന നിലയിൽ സോഷ്യൽ മീഡിയ വഴിയും വ്യാപകമായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. ഇത് ദുരുപദിഷ്ടവും ആസൂത്രിതവുമാണ്. യഥാർത്ഥത്തിൽ അർഹരായ കർഷകർക്ക് ലഭിക്കേണ്ട പലിശയിളവ് തട്ടിയെടുത്ത് സാമ്പത്തികലാഭം നേടിക്കൊണ്ടിരിക്കുന്ന ചില സംഘടിതശക്തികളാണ് കള്ളപ്രചരണങ്ങൾക്ക് പിന്നിൽ. കർഷകരെ ആത്മാർത്ഥമായി സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സർക്കാരിനു മുമ്പാകെ വച്ചിട്ടുള്ളത്.
കാർഷിക സ്വർണപണയ വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ വലിയതോതിലുള്ള തിരിമറികളും ക്രമക്കേടുകളും നടക്കുന്നതായി നേരത്തെതന്നെ അറിയാവുന്ന കാര്യമാണ്. യഥാർത്ഥ കർഷകർക്ക് ഗുണകരമാകേണ്ട ചെറിയ പലിശയ്ക്കുള്ള സ്വർണപ്പണയ വായ്പ അനർഹരുടെ കൈകളിലേക്ക് എത്തുന്നുണ്ട്.
അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ നൽകുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി പരാതി വന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പഞ്ചാബിലും ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘം എത്തിയത്. ഇവർക്ക് മുന്നിൽ നിർദ്ദേശങ്ങൾ സംസ്ഥാന കൃഷിവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. പഠനസംഘം അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ.
കർഷകർക്ക് ഈടില്ലാതെ തന്നെ 1.6 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) പദ്ധതി. കൃഷി ചെയ്യുന്ന ഏതൊരാൾക്കും ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ബാദ്ധ്യസ്ഥരാണ്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ച ഏതൊരു കർഷകനും കൃഷിയാവശ്യത്തിനായി ഒരു ഈടും നൽകാതെ തന്നെ 1.6 ലക്ഷം രൂപ വരെ വായ്പ നൽകാൻ ബാങ്കുകൾ ബാദ്ധ്യസ്ഥരാണ്. എന്നാൽ കെ.സി.സിയിലേക്ക് കർഷകരുടെ അക്കൗണ്ടുകൾ മാറ്റുവാൻ ബാങ്കുകൾ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം കാർഷിക ലോണുകൾ വാങ്ങുന്ന അക്കൗണ്ടുകളിൽ 21 ശതമാനം മാത്രമാണ് കെ.സി.സി അക്കൗണ്ടുകളായിട്ടുള്ളത്.
സഹകരണ ബാങ്കുകളാണ് 85 ശതമാനവും കെ.സി.സി നൽകിയിട്ടുള്ളത്. അതേസമയം വാണിജ്യ ബാങ്കുകളുടെ മൊത്തം കാർഷിക വായ്പയുടെ 63 ശതമാനവും അഗ്രിക്കൾച്ചർ ഗോൾഡ് ലോണുകളാണ്. കെ.സി.സി ലോണായാലും അഗ്രിക്കൾച്ചർ ഗോൾഡ് ലോണായാലും പലിശയുടെ അഞ്ച് ശതമാനം കേന്ദ്ര സർക്കാർ സബ്‌സിഡിയായതിനാൽ കർഷകർക്ക് നാല് ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ. ഈ പലിശയിളവ് നൽകുന്നത് കൃഷി ചെയ്യുന്ന പാവപ്പെട്ട കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കാനാണ്. നിലവിലുള്ള നിയമപ്രകാരം ബാങ്കുകൾ നൽകുന്ന ലോണുകളുടെ 18 ശതമാനം കാർഷിക ലോണുകളായിരിക്കണമെന്ന് റിസർവ് ബാങ്കും കേന്ദ്രസർക്കാരും നിഷ്‌കർഷിച്ചിട്ടുണ്ട്.
കർഷകരല്ലാത്ത ആളുകളും കൃഷി ചെയ്യാത്തവരും സ്വർണം പണയം വച്ച് കാർഷിക ലോണുകൾ വാങ്ങുന്നതിനുള്ള സൗകര്യം ബാങ്കുകൾ നൽകുന്നതുവഴി പലിശ സബ്‌സിഡി കർഷകരല്ലാത്തവർ നേടിയെടുക്കുകയാണ്. മാത്രമല്ല, ബാങ്കുകൾക്ക് തങ്ങൾ അനുവദിച്ച ലോണുകളിൽ 18 ശതമാനവും കാർഷിക ലോണുകളാണെന്ന് റിസർവ് ബാങ്കിനു മുന്നിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നിലും സ്ഥാപിക്കാനും കഴിയും. 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ തന്നെ ലഭിക്കാവുന്ന കെ.സി.സി അക്കൗണ്ടുകൾ വഴിയുള്ള ലോണുകൾ ബാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നില്ല.
സ്വന്തമായി സ്വർണശേഖരമില്ലാത്ത മഹാഭൂരിപക്ഷം പാവപ്പെട്ട കർഷകരും വട്ടിപലിശയ്ക്ക് ലോണെടുക്കേണ്ടിവരുന്നു. കർഷകർ ഭൂമി പണയം നൽകിയാൽ ബാങ്കുകൾ അത്തരം ലോണുകൾ കാർഷികേതര ലോണുകളായിട്ടാണ് നൽകുന്നത്. ഇതുമൂലം കൂടുതലായി കർഷകർക്ക് കാർഷികേതര വായ്പകൾ വാങ്ങി കടക്കെണിയിലാകേണ്ട സാഹചര്യമുണ്ട്.
ഈ സാഹചര്യത്തിലാണ് 100 ശതമാനം കർഷകരെയും എല്ലാ ബാങ്കുകളും കെ.സി.സി അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും അതുവഴി 1.6 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കാൻ അവസരമൊരുക്കണമെന്നും സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും എസ്.എൽ.ബി.സിയോടും ആവശ്യപ്പെട്ടത്. നിലവിലുള്ള അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ പദ്ധതി തുടർന്നും മുന്നോട്ടുപോകണം.
വാങ്ങുന്നവർ ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള കാർഷിക സ്വർണ പണയ വായ്പയെങ്കിലും കൃഷിക്കാരോ പാട്ടകൃഷിക്കാരോ ആണെന്നും കാർഷിക – കാർഷിക അനുബന്ധ കാര്യങ്ങൾക്കാണ് ലോൺ വാങ്ങുന്നതെന്നും ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ കെ.സി.സി വഴി നൽകുന്ന ലോൺ 1.6 ലക്ഷം എന്നത് 3.25 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സി.സി അക്കൗണ്ടുകളിലേക്ക് 100 ശതമാനം കർഷകരെയും കൊണ്ടുവരുന്നതിനുള്ള 100 ദിന പ്രത്യേക ക്യാംപെയ്ൻ പരിപാടി എസ്.എൽ.ബി.സിയും സംസ്ഥാന കൃഷി വകുപ്പും വഴി ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.