തിരുവനന്തപുരം: ജമ്മുകാശ്മീർ വിഭജിച്ച നടപടി തികച്ചും ഏകാധിപത്യവും രാജ്യ ദ്രോഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പ്രതികരിച്ചു. ജമ്മുകാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്.
‘സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം മോഡി ഭരണകൂടം സ്വീകരിച്ച ‘കാശ്മീര്‍ നടപടി’ തികച്ചും ഏകാധിപത്യപരമാണ്; രാജ്യദ്രോഹവുമാണ്. ഇത് വര്‍ഗീയത വളര്‍ത്തും, രാജ്യത്തെ ദുര്‍ബലമാക്കും.പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജമ്മുകാശ്മീരിലെ ജനനേതാക്കളെ തടങ്കലിലാക്കിയും ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഭീതിയിലാഴ്ത്തിയും നടത്തുന്ന മോഡി-അമിത് ഷാ ദ്വയങ്ങളുടെ ഈ ഭ്രാന്തന്‍ നടപടികള്‍ക്ക് ജനാധിപത്യ-മതേതര ഭാരതം കനത്ത തിരിച്ചടി നല്‍കും. തീര്‍ച്ച, സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. ആര്‍ എസ് എസ് സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമായത്. ഇത് ഇന്ത്യക്ക് ആപത്താണ്. ഈ വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.