സമാധാനം തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരുമായി മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ളൂവെന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

203

ന്യൂഡല്‍ഹി • കശ്മീര്‍ താഴ്‍വരയില്‍ അക്രമം ഉപേക്ഷിച്ച്‌ സമാധാനം തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരുമായി മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ളൂവെന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അതേസമയം, സമാധാനമാണ് വിഘടനവാദികള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവരുമായി ചര്‍ച്ച നടത്തുന്നതിലും തെറ്റില്ലെന്നും അവര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാംപുകള്‍ ആക്രമിക്കാന്‍ ചിലര്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയായിരിക്കെ അടല്‍ ബിഹാരി വാജ്പേയ് കശ്മീര്‍ പ്രശ്നത്തില്‍ സ്വീകരിച്ച നിലപാട് മാതൃകയാക്കാവുന്നതാണ്. അദ്ദേഹം പാക്കിസ്ഥാനുമായും കശ്മീരിലെ വിഘടനവാദികളുമായും ചര്‍ച്ചയ്ക്കു ശ്രമിച്ചിരുന്നു.

ഇപ്പോള്‍ ജനങ്ങള്‍ക്ക് ചര്‍ച്ചകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതു പുനഃസ്ഥാപിക്കണം. മറുവശത്തുള്ള ആളുകളുമായി സംസാരിക്കാന്‍ വിശ്വാസയോഗ്യരായ ആളുകളെ നിയോഗിക്കണം. കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരം ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ ഉണ്ടാകില്ല. അതുവരെ കശ്മീരില്‍ ഇപ്പോഴുള്ള സാഹചര്യം തുടരണമെന്നാണോ? എല്ലാവരും ഇതേപ്പറ്റി ചിന്തിക്കണമെന്നും മെഹബൂബ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍, എല്ലാവരോടും ചര്‍ച്ച നടത്തുക എന്നതുള്‍പ്പെടെ മൂന്നു ദീര്‍ഘകാല പദ്ധതികളാണ് മെഹബൂബ മുന്നോട്ടുവച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ പ്രതികരണവും. ജൂലൈ എട്ടിനു സംസ്ഥാനത്തു പ്രശ്നങ്ങള്‍ ആരംഭിച്ചതിനുശേഷം മെഹബൂബ ആദ്യമായാണു മോദിയെ സന്ദര്‍ശിച്ചത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിനു നടന്ന സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷമുണ്ടായത്. ഇതുവരെ സംസ്ഥാനത്ത് മൊത്തം 68 പേരാണു കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY