ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി സ്ഥിതിഗതികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്.
തിരുവനന്തപുരം : ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കണം. ക്യാമ്പുകൾ വൃത്തിയായി ഇരിക്കാൻ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാൽ ഹാളുകളിലും മറ്റും കഴിയുന്നവർക്ക് പരമാവധി പുതപ്പുകൾ പോലുള്ള സൗകര്യങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം.
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. നല്ല തോതിൽ ബീച്ചിംഗ് പൗഡർ പോലുള്ള സാധനങ്ങൾ എത്തിക്കണം. പഞ്ചായത്തുകളിലും വാർഡുകളിലും ചെയ്യേണ്ട കാര്യങ്ങൾ നിർദേശമായി നൽകിയിട്ടുണ്ട്.
വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകൾക്ക് നാശമുണ്ടായിട്ടുണ്ട്. വൃത്തിയാക്കാനുള്ള സഹായമുറപ്പാക്കുന്നവർക്കൊപ്പം ഇൻഷുർ ചെയ്തിട്ടുള്ള കടക്കാർക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നൽകണം. വീടുകൾ മാത്രമല്ല, കിണറുകൾ ശുചീകരിക്കാനുമുള്ള ഇടപെടൽ ആദ്യഘട്ടത്തിൽതന്നെ വേണം.
ജില്ലകളിലെ പ്രശ്നങ്ങൾ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥ വേണം. വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം. അത്തരം ക്യാമ്പുകൾക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം.
തകരാറിലായ വൈദ്യുതിബന്ധം അതിവേഗതയിൽ പുനഃസ്ഥാപിക്കാൻ ശ്രദ്ധവേണം. റോഡിന്റെ തകർച്ച പരിഹരിക്കനും കഴിയാവുന്ന കാര്യങ്ങൾ പെട്ടെന്ന് ചെയ്യണം.
പമ്പ് ഹൗസുകൾ തകരാറിലായ സ്ഥലങ്ങളിൽ കുടിവെള്ളവിതരണം വെള്ളം ഇറങ്ങുന്നമുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലം എത്തിക്കാൻ അടിയന്തര നടപടി വേണം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർ അവിടെ താമസിക്കുന്നതായി ഉറപ്പാക്കണമെന്നും കളക്ടർമാരോട് നിർദേശിച്ചു. സഹായസാമഗ്രികൾ ആവശ്യാനുസരണം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.