തിരുവനന്തപുരം – എല്‍ ഡി എഫ് സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം തിരുവനന്തപുരം പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് വരില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പ്ലാന്റ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും തീരുമാനിച്ചിരുന്നില്ല.
സ്ഥലത്തെക്കുറിച്ചുള്ള സാധ്യതാപഠനം മാത്രമേ നടത്തിയിരുന്നുള്ളൂ. എന്നാല്‍, പെരിങ്ങമ്മലയില്‍ മാലിന്യപ്ലാന്റ് വരുന്നു എന്ന് പ്രചരിപ്പിച്ച് സമൂഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ച് ജനങ്ങളെ സര്‍ക്കാരിന് എതിരാക്കാനുള്ള ആസൂത്രിതശ്രമമാണ് എതിരാളികളില്‍നിന്ന് ഉണ്ടായത്.
ഇത്തരം കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിറമാണ്. പെരിങ്ങമ്മലയിലും അതുതന്നെയാണ് സ്ഥിതി. മാലിന്യപ്ലാന്റ് വരുന്നു എന്ന ആശങ്ക ജനങ്ങളിലുളവാക്കി രാഷ്ട്രീയലാഭം കൊയ്യാനും ജനപ്രതിനിധികളെ വ്യക്തിഹത്യ നടത്താനുമാണ് ഇരുകൂട്ടരും ശ്രമിച്ചത്.
സര്‍ക്കാരും ഇടതുപക്ഷവും ജനങ്ങളോടൊപ്പമാണ്. ജനവികാരത്തെ മാനിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും കോടിയേരി പറഞ്ഞു