ബെംഗളൂരു: കര്‍ണാടകത്തില്‍ 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചതോടെ ബിജെപിയിലും അപസ്വരം ഉയരുന്നതായി റിപ്പോര്‍ട്ട്. പട്ടികയില്‍ യെദ്യൂരപ്പയുമായി അടുത്ത നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതാണ് അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയത്. മുന്‍നിര നേതാക്കളടക്കം മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന നിരവധി പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ചില നേതാക്കള്‍ ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
പലരും തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഒഴിവാക്കപ്പെട്ട നേതാക്കളുടെ അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചിത്രദുര്‍ഗയില്‍ ബിജെപി പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. സീനിയോറിറ്റി പരിഗണിക്ക പ്പെട്ടില്ലെന്നും അതൃപ്തി അറിയിക്കുന്നതിന് സമാന ചിന്താഗതിക്കാരായ എം എല്‍ എമാര്‍ യോഗം ചേരുമെന്നും ചിത്രദുര്‍ഗ എംഎല്‍എ ജി.എച്ച് തിപ്പറെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയുടെ ആശയങ്ങളും തത്വങ്ങളും ബലികഴിക്കപ്പെട്ടെന്ന് സുള്ള്യ എംഎല്‍എ അംഗാറ ആരോപിച്ചു.
ജൂലായ് 26-നാണ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇതിനു ശേഷം 25 ദിവസത്തിനുശേഷമാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നത്. നിയമസഭയുടെ അംഗബലം അനുസരിച്ച് മുഖ്യമന്ത്രിയടക്കം 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക,കെ.എസ്. ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച്. നാഗേഷ്, മുന്‍ മന്ത്രി ബി. ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.
സര്‍ക്കാരിന് അഞ്ചുപേരുടെ ഭൂരിപക്ഷമാണുള്ളത്. ഈ സാഹചര്യത്തില്‍ വിഭാഗീയത രൂക്ഷമായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ച 56-ഓളം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിഭാഗീയത മുന്നില്‍ക്കണ്ടുകൊണ്ടാണ് നേതൃത്വം ഏതാനും മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുന്നത്.
16 മന്ത്രിമാര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്