കണ്ണൂർ : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഭക്ഷ്യമേളയൊരുക്കി വിദ്യാര്‍ഥികള്‍. കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ സാന്ത്വന പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണപദാര്‍ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തിയാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇവര്‍ പണം സ്വരൂപിച്ചത്.
ഇറാനി പോള, ചിക്കന്‍ മയോണിസ് കേക്ക്, കല്‍ത്തപ്പം, ഉണ്ടപ്പുട്ട്, ഫലാഫില്‍, ഇറച്ചിപ്പത്തല്‍, ബിരിയാണി തുടങ്ങി നൂറോളം വിഭങ്ങള്‍ വില്‍പ്പനക്കായി കുട്ടികള്‍ എത്തിച്ചരുന്നു. വിഭവങ്ങള്‍ പോലെ തന്നെ കിസ്മത്ത്, ഉപ്പും മുളകും, മുഹബത്തിന്റെ തട്ടുകട തുടങ്ങി വ്യത്യസ്തമായ പേരുകളില്‍ സ്റ്റാളുകളും വിപണനത്തിനായി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കി. രണ്ട് രൂപ മുതല്‍ 60 രൂപ വരെയുള്ള ഭക്ഷ്യവസ്തുക്കളാണ് വില്‍പന നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. നിശ്ചയിച്ചതിലും കൂടുതല്‍ തുക നല്‍കിയാണ് പലരും ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പ്രദര്‍ശന വിപണന മേളയിലെ വിഭവങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റുപോയി. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അധ്യാപകരും പലഹാരങ്ങള്‍ തയ്യാറാക്കി വില്‍പനക്കായി എത്തിച്ചിരുന്നു. ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫുഡ്‌ഫെസ്റ്റിന്റെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, പ്രിന്‍സിപ്പല്‍ ടി വിമ, ഹെഡ്മാസ്റ്റര്‍ ടി ഒ വേണുഗോപാല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആശ ശശിധരന്‍, പിടിഎ പ്രസിഡണ്ട് കെ കെ വിനോദന്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.