വിപുലമായ കോൾസെന്റർ സംവിധാനവുമായി കനിവ് 108 ആംബുലൻസ്

199

തിരുവനന്തപുരം : സമഗ്ര ട്രോമ കെയർ സംവിധാനത്തിന്റെ ഭാഗമായ കനിവ് 108 സൗജന്യ ആംബുലൻസ് സർവീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സജ്ജമാക്കിയിരുക്കുന്നത് വിപുലമായ കോൾ സെന്റർ. എഴുപതിലധികം എമർജൻസി റെസ്പോൺസ് ഉദ്യോഗസ്ഥരടങ്ങുന്ന കോൾസെന്ററിന്റെ പ്രവർത്തനോദ്ഘാടനം ടെക്‌നോപാർക്കിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.കേരളത്തിന്റെ ആരോഗ്യമേഖലയിൽ അഭിമാനകരമായ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും കേരള മോഡൽ ട്രോമ കെയർ സംവിധാനം രൂപപ്പെടുത്തിയെടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മൂവായിരത്തിലധികം അപകട മരണങ്ങളാണ് പ്രതിവർഷം സംസ്ഥാനത്ത് നടക്കുന്നത്. പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയാൽ മരണസംഖ്യയും അപകടം മൂലം അംഗവൈകല്യങ്ങളുണ്ടാകുന്ന അവസ്ഥകളും കുറയ്ക്കാനാകും. ഇത് ലക്ഷ്യമിട്ടാണ് സമഗ്ര ട്രോമ കെയർ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ലെവൽ വൺ തലത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ തിരുവനന്തപുരത്തും കോഴിക്കോടും ഉടൻ പ്രവർത്തനമാരംഭിക്കും. മറ്റു മെഡിക്കൽ കോളേജുകളിൽ ലെവൽ 2 തലത്തിലുള്ള പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും.108 എന്ന ടോൾഫ്രീ നമ്പറിനു പുറമെ ആൻഡ്രോയ്ഡ് ഫോണുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. അപകടം സംബന്ധിച്ച് കോൾസെന്ററിൽ ലഭ്യമാകുന്ന വിവരം പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തും. മൂന്ന് മിനിട്ടിനുള്ളിൽ സംഭവ സ്ഥലം മനസ്സിലാക്കി ആംബുലൻസിന്റെ സേവനം ഉറപ്പുവരുത്തും. നഗരപരിധിയിൽ 15 ഉം ഗ്രാമപ്രദേശങ്ങളിൽ 20 ഉം ഇടുക്കി, വയനാട് പോലുള്ള മലയോര മേഖലകളിൽ അരമണിക്കൂറിനുള്ളിലും എത്തുന്ന രീതിയിലാണ് ആംബുലൻസുകളുടെ വിന്യാസവും പ്രവർത്തനവും സജ്ജമാക്കിയിരിക്കുന്നത്.

കേന്ദ്രീകൃത കോൾസെന്ററിൽ അപകടം സംബന്ധിച്ച വിവരമെത്തിയാൽ സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുള്ള ആംബുലൻസിനെ നിയോഗിക്കാൻ കോൾ സെന്ററിലെ ഉദ്യോഗസ്ഥർക്കാകും. ഇതിനു പുറമെ തെറ്റായ ഫോൺവിളികൾ നിയന്ത്രിക്കാനും ഒരേ സ്ഥലത്ത് നിന്ന് ആവർത്തിച്ചുണ്ടാകുന്ന ഫോൺവിളി വിലയിരുത്തി ക്രമപ്പെടുത്തുന്നതിനും പ്രത്യകം സംവിധാനമുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാൽ തരണം ചെയ്യുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി അപകടത്തിൽപ്പെട്ട വ്യക്തിക്കോ സേവന ദാതാവിനോ നൽകാനാവുന്ന കോൾ കോൺഫറൻസിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ. എം. എസ്. സി. എൽ എം. ഡി ഡോ. ശർമിള മേരി ജോസഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS