കെ.എ.എസ്. പരീക്ഷയ്ക്ക് 20 മാര്‍ക്കിന് മലയാളം ചോദ്യങ്ങളുണ്ടെങ്കിലും അത് നിര്‍ബന്ധമല്ല – വിദഗ്ധര്‍

127

തിരുവനന്തപുരം: സര്‍ക്കാരിന്റെ അംഗീകാരത്തിനായി പി.എസ്.സി. നല്‍കിയ പരീക്ഷാഘടനയിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.) പ്രാഥമികപരീക്ഷയ്ക്ക് 20 മാര്‍ക്കിന് മലയാളം ചോദ്യങ്ങളു ണ്ടെങ്കിലും അത് നിര്‍ബന്ധമല്ല. കൂടുതല്‍ മാര്‍ക്ക് സമ്പാദിക്കാനുള്ള എളുപ്പവഴിയെന്ന നിലയില്‍ ഇംഗ്ലീഷോ തമിഴോ കന്നഡയോ സ്വീകരിക്കാനാകും അപേക്ഷകര്‍ താത്പര്യപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. താത്പര്യമുള്ളവര്‍മാത്രം മലയാളം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മതി.

അപേക്ഷിക്കുമ്പോൾ തന്നെ ഏതുഭാഷ വേണമെന്ന് വ്യക്തമാക്കണം. തത്തുല്യമായി ഇംഗ്ലീഷിലോ തമിഴിലോ കന്നഡത്തിലോ ചോദ്യങ്ങളുണ്ടാകും. പ്രാഥമികപരീക്ഷ 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പറുകളായി രണ്ടുദിവസമാണ് നടത്തുന്നത്. രണ്ടിനും ജനറല്‍ സ്റ്റഡീസെന്നാണ് പേര്. രണ്ടാമത്തെ പേപ്പറിലാണ് 20 മാര്‍ക്കിനുള്ള ഭാഷാചോദ്യങ്ങള്‍. ഇതിന് മലയാളത്തിനുപുറമേ ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവ ഐച്ഛികമായി ഉണ്ടാകും. ഏതെങ്കിലും ഒന്ന് സ്വീകരിക്കണം. ബാക്കിയുള്ള 180 ചോദ്യങ്ങളും ഇംഗ്ലീഷിലായിരിക്കും.ഇവ മലയാളത്തിലും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭാഷാസ്നേഹികള്‍ സമരം നടത്തിയത്.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈ ചോദ്യങ്ങള്‍ മലയാളത്തിലും ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അത് എത്രത്തോളം വിജയിക്കുമെന്നതില്‍ പി.എസ്.സി.ക്ക് ഇപ്പോഴും വ്യക്തതയില്ല. ബിരുദ യോഗ്യതയുള്ള പരീക്ഷകള്‍ക്ക് പി.എസ്.സി. 10 ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കാറുണ്ട്. ഇതിന് പകരം തമിഴ്, കന്നഡ ഭാഷകളിലും തത്തുല്യമായി 10 ചോദ്യങ്ങള്‍ നല്‍കും. ഇത് ഭാഷാന്യൂനപക്ഷങ്ങള്‍ക്കുള്ളതാണ്. മറ്റുള്ളവരെല്ലാം മലയാളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നത് നിര്‍ബന്ധമാണ്. ഈ രീതിയായിരിക്കും കെ.എ.എസിനുമെന്നാണ് എല്ലാവരും ധരിച്ചത്. എന്നാല്‍, ഇംഗ്ലീഷ് കൂടി ഉള്‍പ്പെടുത്തിയതോടെ മലയാളം നിര്‍ബന്ധമല്ലെന്നായി. പി.എസ്.സി. തയ്യാറാക്കിയ പരീക്ഷാഘടനയും പാഠ്യപദ്ധതിയും പൊതുഭരണ വകുപ്പിന്റെ പരിഗണനയിലാണ്. ഇവ പരിശോധിച്ച്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കണം.

NO COMMENTS