തൃശൂർ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനശാലകളിൽ സെപ്തംബർ 18 മുതൽ ഒക്‌ടോബർ രണ്ടു വരെ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൃപ്രയാർ എൻഎസ്എസ് കരയോഗം ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി വി ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലവാരാചരണ കാലത്ത് കൂടുതൽ അംഗങ്ങളെ ചേർത്ത ലൈബ്രറി കൾക്കുള്ള പുരസ്‌കാരം താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ വിതരണം ചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ടി ബി ശാലിനി, കെ എ നൗഷാദ്, എം കെ സദാനന്ദൻ, താലൂക്ക് സെക്രട്ടറി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗം ഒ എസ് അഷ്‌റഫ് സ്വാഗതവും മഹാത്മ ലൈബ്രറി പ്രസിഡന്റ് എൻ ബാലഗോപാൽ നന്ദിയും പറഞ്ഞു.