തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഏകീകൃത ഫീസ് സംബന്ധിച്ച ചർച്ചകളിൽ തീരുമാനമായില്ല. ഏകീകൃത ഫീസ് അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസ് വേണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
എന്നാൽ, സർക്കാരിന് നൽകുന്ന 30 ശതമാനം സീറ്റിൽ ഫീസ് കൂട്ടണമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമാകാത്തതിനെ തുടർന്ന് ഇനി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
അതിനിടെ, പ്രശ്നപരിഹാരത്തിന് പുതിയ ഫോർമുല മാനേജ്മെന്റുകൾ മുന്നോട്ടുവച്ചു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ സർക്കാർ തയാറായില്ല. സർക്കാർ ഏറ്റെടുത്ത 50 ശതമാനത്തിൽ 20 ശതമാനം സീറ്റിൽ 25,000 രൂപ ഫീസ് അനുവദിക്കാം. ബാക്കിയുള്ള 30 ശതമാനം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നായിരുന്നു മാനേജ്മെന്റുകളുടെ നിലപാട്. കൂടാതെ, മറ്റു സീറ്റുകളിൽ ഫീസ് വർധനവും വേണം. മാനേജ്മെന്റ് സീറ്റുകളിൽ 12 മുതൽ 15 ലക്ഷം വരെ ഫീസ് അനുവദിക്കണം. എൻആർഐ സീറ്റിൽ 15 മുതൽ 20 ലക്ഷം വരേയും ഫീസ് ഉയർത്തണമെന്നുമായിരുന്നു മാനേജ്മെന്റുകളുടെ നിർദേശം. എന്നാൽ, ഫീസിലെ വൻവർധനവ് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ നിലപാട്.
ഏകീകൃത ഫീസ് വേണമെന്നായിരുന്നു സ്വകാര്യ മാനേജ്മെന്റുകളുടെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചതിനെ തുടർന്നാണ് കൂടുതൽ ചർച്ചകൾ നടന്നത്.
അതിനിടെ, രണ്ടു സ്വാശ്രയ മെഡിക്കൽ കോളജുകൾ എംബിബിഎസ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. കൊച്ചി അമൃത, തിരുവനന്തപുരം വട്ടപ്പാറ എസ്യുടി കോളജുകളാണു പ്രവേശന നടപടികളുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. ഒന്നിനു മെറിറ്റ് പട്ടിക പ്രസിദ്ധീകരിക്കും. മൂന്നിന് ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ച് ഒമ്പതിനകം പ്രവേശനം നടത്തും. 14നു രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ച് 28നകം പ്രവേശനം പൂർത്തിയാക്കുമെന്നും കോളജുകളുടെ പ്രോസ്പെക്ടസിൽ പറയുന്നു.