തിരുവനന്തപുരം : കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുചലിപ്പിച്ച് ലോകശ്രദ്ധ നേടാൻ ടൂറിസം മേഖലയ്ക്കാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പ്രകൃതിയും, സാംസ്കാരിക മൂല്യങ്ങളും ജനങ്ങളുടെ സന്നദ്ധതയുമായാണ് ഇവിടുത്തെ ടൂറിസം വികസനത്തിന് പ്രധാന കാരണം. അതിഥികളെ ദൈവങ്ങളെ പോലെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം.
ആഗോളതലത്തിൽതന്നെ കേരള ടൂറിസം സാമൂഹ്യമാധ്യമങ്ങളിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. നമ്മൾ ഇപ്പോൾ പ്രകൃതി ദുരന്തങ്ങൾ അതിജീവിച്ച് പുനർനിർമാണ പാതയിലാണ്.
ആഗോളതലത്തിൽ വിനോദസഞ്ചാര ആവശ്യകതകൾക്കനുസരിച്ച് മികച്ച ജൈവ വിഭവങ്ങളും രുചികരമായ ഭക്ഷണങ്ങളും നൽകാനുള്ള സാധ്യത ഉപയോഗപ്പെടുത്താനാകണം. ഉത്തരവാദിത്ത, സുസ്ഥിര ടൂറിസത്തിലും നാം മുന്നേറുകയാണ്. വെൽനസ്, തീർഥാടനം, കായൽ, ഇക്കോ, സാഹസിക ടൂറിസം മേഖലകളിലും കേരളം കഴിഞ്ഞ ദശാബ്ദത്തിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ട്.
ആഗോളനിലവാരത്തിലുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കാനാകുന്നത് ടൂറിസം രംഗത്തിന്റെ വിജയത്തിലേക്ക് നയിക്കും. നമ്മുടെ ടൂറിസം മേഖലയെ മയക്കുമരുന്നും ഭീകരതയും ബാധിക്കാതിരിക്കാൻ ശ്രദ്ധവേണം. എല്ലാവർക്കും വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്താൻ ബാരിയർ ഫ്രീ ടൂറിസമെന്ന സങ്കൽപ്പം പ്രോത്സാഹിപ്പിക്കപ്പെടണം. വെർച്വൽ ഗൈഡിംഗ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികതകൾ കൂടി ടൂറിസത്തിന് സഹായമാകണം. നൈപുണ്യവികസനത്തിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഈ ശിൽപശാല സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോടും കേരളീയരോടുമുള്ള മതിപ്പ് വ്യക്തമാക്കിയ ഗവർണർ, കിറ്റ്സ് വിദ്യാർഥി കൂടിയായ വാർഡ് കൗൺസിലർ എം.എ വിദ്യാമോഹനെ അഭിനന്ദിച്ചു. കിറ്റ്സിൽ എം.ബി.എ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ സ്ഥലം വാർഡ് കൗൺസിലറുടെ ഉത്തരവാദിത്തവും നിറവേറ്റുന്ന വിദ്യ പ്രത്യേക അഭിനന്ദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താൻ വിദ്യാർഥിയായിരുന്ന കാലത്ത് 1969 ൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അന്ന് ഉത്തർപ്രദേശിലായിരുന്ന അൽമോറയിൽ ഇൻറർ യൂണിവേഴ്സിറ്റി പരിപാടിയിൽ പങ്കെടുക്കവേയാണ് കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച് ആദ്യം കേട്ടത്. അന്നുമുതൽ കേരളത്തോട് പ്രത്യേക ആദരവുണ്ടായിരുന്നു. ഇപ്പോൾ ഈ മതിപ്പ് വർധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി അന്തർദേശീയ, ദേശീയ പുരസ്കാരങ്ങൾ കേരളം ടൂറിസത്തിന് നേടാനായതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.ആധുനിക സാങ്കേതിക വിദ്യയുടെ കാലത്തും മനുഷ്യവിഭവശേഷി ആവശ്യമായ രംഗമാണ് ടൂറിസമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭാവിയിൽ ടൂറിസം രംഗത്തെ ഗവേഷണകേന്ദ്രമാക്കി കിറ്റ്സിനെ ഉയർത്താൻ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
36,000 കോടി രൂപയാണ് ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം. 15 ലക്ഷത്തോളം പേർ ടൂറിസത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യം സർക്കാർ ഒരുക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകരും ഈ മേഖലയിൽ കടന്നുവരണം. തദ്ദേശവാസികൾക്ക് കൂടി തൊഴിൽ ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം നമ്മൾ നടപ്പാക്കിവരികയാണ്. ഗ്രാമീണ ടൂറിസം പാക്കേജിലൂടെ പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനും നടപടിയെടുക്കുന്നുണ്ട്. ടൂറിസം മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രായോഗികപരിശീലനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. ശിവകുമാർ എം.എൽ.എ, യു.എൻ.ഡബ്്ള്യു.ടി.ഒ ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടർ ഹേ ഗുക് വാങ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, അയാട്ടോ സീനിയർ വൈസ് പ്രസിഡൻറ് ഇ.എം. നജീബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡൻറ് ബേബി മാത്യു തുടങ്ങിയവർ സംബന്ധിച്ചു. കിറ്റ്സ് ഡയറക്ടർ ഡോ. രാജശ്രീ അജിത് റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
ടൂറിസം മേഖലയിലെ വിദഗ്ധർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ വിവിധ സെഷനുകളിൽ സംസാരിക്കും. കേരള ടൂറിസത്തിന്റെ 30 വർഷങ്ങൾ, ടൂറിസവും സാങ്കേതികതയും, പൈതൃക ടൂറിസം, സാഹസിക ടൂറിസം, ഗാസ്ട്രോണമി ടൂറിസം, ക്രൂയിസ് ടൂറിസം, ലക്ഷ്വറി ആന്റ് വെൽനസ് ടൂറിസം തുടങ്ങിയ വിഷയങ്ങളിലാണ് വിവിധ സെഷനുകൾ നടക്കുക. പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ മേധാവികൾ സമ്മേളനത്തിൽ പങ്കെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് (29) വൈകിട്ട് 5.15ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.