കോഴിക്കോട് : ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,30,375 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും ജെ.കെ സിമന്റ്‌സ് നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണം മുടങ്ങിക്കിടന്ന 51,643 വീടുകളും പുതുതായി 78,732 വീടുകളുമാണ് നിര്‍മ്മിച്ചത്. ഭൂഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭവനസമുച്ചയം നിര്‍മ്മിക്കുന്ന മൂന്നാംഘട്ടത്തിലേക്ക് ലൈഫ് പദ്ധതി കടന്നിരിക്കുകയാണ്. ഇടുക്കിയിലെ അടിമാലിയില്‍ പൂര്‍ത്തിയാക്കിയ ആദ്യ ഭവനസമുച്ചയം ഗുണഭോക്താക്കള്‍ക്ക് കൈമാറികഴിഞ്ഞു. എല്ലാ ജില്ലയിലും ഇത്തരത്തില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
വികസനമെന്നത് സമൂഹത്തിന്റ അടിത്തട്ടില്‍ വരെയെത്തുന്ന പ്രക്രിയയാകണം. നാടിന്റ വികസന പ്രക്രിയയില്‍ നിന്ന് ഒരു വ്യക്തിപോലും പുറത്താകാത്തവിധം സര്‍വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കര്‍ ലക്ഷ്യമിടുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും മാത്രമല്ല അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സര്‍ക്കാറാണിത്. അത് ജനങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കികൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷമുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. ഈ ദുരന്തങ്ങളെ അതിജീവിച്ച് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഏത് പ്രളയത്തെയും നേരിടാനും നാടിനെ വീണ്ടെടുക്കാനും കഴിവുള്ളവരാണ് കേരളീയരെന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കട്ടിപ്പാറ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 131 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ 112 വീടുകളുടെ താക്കോല്‍ദാനമാണ് ചടങ്ങില്‍ നടന്നത്. ചുണ്ടന്‍കുഴി ബീന ബാബുവിന് താക്കോല്‍ കൈമാറി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഉരുള്‍പൊട്ടല്‍ നാശം വിതച്ചവര്‍ക്ക് എന്റര്‍പ്രണര്‍ ഓര്‍ഗനൈസേഷന്‍ കേരളയുടെ സഹകരണത്തോടെ ജെ.കെ സിമന്റ്‌സ് 20 വീടുകളാണ് കട്ടിപ്പാറയില്‍ നിര്‍മ്മിക്കുന്നത്. 12-ാം വാര്‍ഡില്‍ ഇരുള്‍കുന്നില്‍ വിലക്കെടുത്ത ഒരേക്കര്‍ ആറ് സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണ് വീടുകളുടെ നിര്‍മ്മാണ രൂപകല്‍പ്പന സൗജന്യമായി നിര്‍വഹിച്ചത്.
കട്ടിപ്പാറ ടൗണില്‍ നടന്ന ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറപഞ്ചായത്ത് സെക്രട്ടറി എംഎ റഷീദ്, എന്റര്‍പ്രണര്‍ ഓര്‍ഗനൈസേഷന്‍ കേരള പ്രസിഡന്റ് വിനയ് ജെയിംസ് കൈനടി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ.കെ സിമന്റ്‌സിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് ലളിത് ഖന്നയും അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുള്ള ഉപഹാരം ആര്‍ക്കിടെക്ട് വിനോദ് സിറിയകും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.
താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖ്, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ മദാരി ജുബൈരിയ, ബേബി ബാബു, പി സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല ഒ കെ എം കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ കെവി അബ്ദുള്‍ അസീസ്, ടിപി മുഹമ്മദ് ഷാഹിം, വത്സല കനകദാസ്, പഞ്ചായത്ത് ആസുത്രണ സമിതി ഉപാധ്യക്ഷന്‍ കെ ആര്‍ രാജന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, വിനീത് എബ്രഹാം, ആര്‍ പി ഭാസ്‌ക്കരന്‍, ടി എം പൗലോസ്, എ ടി ഹാരിസ്, ഷാന്‍ കട്ടിപ്പാറ, കെ വി സെബാസ്റ്റ്യ്ന്‍, കരീം പുതുപ്പാടി, കണ്ടിയില്‍ മുഹമ്മദ്, ആര്‍ കെ അബ്ദുല്‍മജീദ് മാസ്റ്റര്‍, നാസര്‍ഫൈസ് കൂടത്തായി, സലിം പുല്ലടി, പി സി സെയ്തൂട്ടിഹാജി, സി കെ എ ഷമീര്‍ബാവ എന്നിവര്‍ സംസാരിച്ചു.