ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് വിദേശ യാത്രയിൽ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സംരക്ഷണം നിർബന്ധം –

122

ന്യൂഡല്‍ഹി: ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് വിദേശ യാത്രയിൽ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി.) സംരക്ഷണം വിദേശ യാത്രയിലും അംഗ രക്ഷകര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

സംരക്ഷണം നിരാകരിച്ചാല്‍ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കാതിരിക്കാനാണ് നീക്കം. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കാണ് എസ്.പി.ജി. സംരക്ഷണമുള്ളത്.
വ്യക്തികളുടെ സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും രാഷ്ട്രീയജീവിതവും രണ്ടായി ക്കരുതി ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയുടെ ജനാധിപത്യ ശീലമെന്ന് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ചില നേതാക്കളുടെ സ്വകാര്യസന്ദര്‍ശനങ്ങള്‍ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 11 മുതല്‍ രാഹുലിന്റെ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുപ്രചാരണം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. അതിനു മുന്നോടിയായി ശനിയാഴ്ച രാഹുല്‍ കംബോഡിയയിലേക്ക് തിരിച്ചതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാവില്ലെന്ന അഭ്യൂഹമുയര്‍ന്നു. പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്.

രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത സൃഷ്ടിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാണ് എസ്.പി.ജി. സുരക്ഷാച്ചട്ടങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. രാഹുലിന്റെ വ്യക്തിജീവിതം നിരീക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലവിലുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നു എന്നേയുള്ളൂ എന്നാണ് എസ്.പി.ജി. വൃത്തങ്ങളുടെ വിശദീകരണം. ഗാന്ധികുടുംബങ്ങളുടെ കൃത്യമായ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. വിദേശ സന്ദര്‍ശനങ്ങളുടെയെല്ലാം വിശദവിവരങ്ങള്‍ ഗാന്ധികുടുംബാംഗങ്ങള്‍ എസ്.പി.ജി.ക്ക് നേരത്തേ കൈമാറേണ്ടിവരും.

ഗാന്ധികുടുംബാംഗങ്ങള്‍ വിദേശത്തെത്തിക്കഴിഞ്ഞാല്‍ എസ്.പി.ജി. ഭടന്മാരെ തിരിച്ചയച്ച്‌ തങ്ങളുടെ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്താറാണ് പതിവ്. ഇത്തരം സ്വകാര്യസന്ദര്‍ശനങ്ങളും നിരീക്ഷിക്കാനാണ് വിദേശയാത്രയിലും അംഗരക്ഷകരെ നിര്‍ബന്ധമാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ആരോപണമുയര്‍ന്നു.

NO COMMENTS