കൊച്ചി : തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയത്. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുക. ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്.
750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും.
രണ്ട് പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാമെന്ന് സമ്മതപത്രം നല്കിയതിനാല് കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വന്നു. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായി. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകും