കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി മൂന്നാമതൊരു വിവാഹത്തിനായി പോലീസിന്റെ സംശയ ലിസ്റ്റിലുള്ള കക്കയം സ്വദേശി ജോണ്‍സനെ ( ബി എസ് എന്‍ എല്‍ ജീവനക്കാരന് ) സ്വന്തമാക്കാൻ ഷാജുവിനെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി കേരള പോലീസ്.
മുഖ്യപ്രതി ജോളി ജോസഫ് അടക്കം കസ്റ്റഡിയിലുള്ള മൂന്നു പ്രതികളേയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തേക്കും. കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കായി ലോക്നാഥ് ബെഹ്റ ശനിയാഴ്ച രാവിലെ തന്നെ കോഴിക്കോട്ട് എത്തി. മൂന്നു കൊലപാതകങ്ങള്‍ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് ബെഹ്റ സന്ദര്‍ശിച്ചു.
തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല ;
തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും വിശദമായ ഫോറന്‍സിക് പരിശോധനകള്‍ അടക്കം വേണ്ടി വരുമെന്നും ശാസ്ത്രീയമായ അന്വേഷണത്തിനാകും മുന്‍ഗണന നല്‍കുകയെന്നും ശാസ്ത്രീയമായ എല്ലാ അന്വേഷണ മാര്‍ഗങ്ങളും ഇതില്‍ സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സിയില്‍ സേവനം അനുഷ്ഠിച്ച ബെഹ്റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമേ കൂടത്തായിയിലേക്കു പോകുകയുള്ളുവെന്നാണു നേരത്തെ ഡിജിപി അറിയിച്ചിരുന്നത്. കേസില്‍ വിദഗ്ധ സഹായത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവരുമായും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയിരുന്നു.
ഷാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍
ഷാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയെ കൊലപ്പെടുത്താനും ശ്രമം നടത്തി.മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്. അതേസമയം ഗൂഢാലോചനയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഷാജുവിനെ അപായപ്പെടുത്താനും മൂന്നാമത് വിവാഹം ചെയ്യാനും തീരുമാനിച്ചതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ അൻമ്പത്തഞ്ചുകാരനൊപ്പം ജോളി ബംഗളൂരു, കോയന്പത്തൂര്‍, തിരുപ്പുര്‍ തുടങ്ങി പലയിടങ്ങളിലേക്കും യാത്ര നടത്തിയതായും ഒരുമിച്ച് താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്ത്രീയമായ ടവര്‍ ഡംപ് പരിശോധനയിലാണ് ജോളിയും ഇയാളും തമ്മില്‍ പലസ്ഥലങ്ങളിലും ഒരുമിച്ച് യാത്രചെയ്തതിന്റെ റിപ്പോർട്ടുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്.
ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൃക്കരിപ്പൂരില്‍ ജോലിയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന് ഒന്നരവര്‍ഷം മുന്‍പ് കോയന്പത്തൂരിന് സ്ഥലം മാറിപ്പോയശേഷം ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു.
ജോളിയുടെ പരപുരുഷബന്ധം
പരപുരുഷബന്ധം ചോദ്യം ചെയ്തതിനാണ് ആദ്യ ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ റോയ് തോമസിനെ ജോളി സയനൈഡ് നല്കി കൊലപ്പെടുത്തിയതെന്നാണു പോലീസിന്റെ കണ്ടെത്തല്‍. സ്ഥിര വരുമാനമുള്ള ആള്‍ക്കൊപ്പം ജീവിക്കുന്നതിനാണ് സ്കൂള്‍ അധ്യാപകനും ആദ്യ ഭര്‍ത്താവിന്റെ പിതൃസഹോദരപുത്രനുമായ ഷാജു സക്കറിയാസിനെ ജോളി പുനര്‍വിവാഹം ചെയ്തത്. എന്നിട്ടും ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ താമസം തുടര്‍ന്ന ജോളി വല്ലപ്പോഴുമെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ താമസിച്ചിരുന്നുള്ളൂ.അസമയങ്ങളിലുള്ള ജോളിയുടെ ഫോണ്‍വിളി മൂലം ഇവരുടെ ദാമ്പത്യം ഉലഞ്ഞു. ബെഡ്റൂമില്‍ നിന്ന് രാത്രി വൈകി ഫോണ്‍ ചെയ്യുന്നതിനെ ഷാജു ചോദ്യം ചെയ്തതോടെ ജോളി ഡ്രോയിംഗ് മുറിയിലെ സോഫയിലാണ് അന്തിയുറങ്ങിയിരുന്നത്.
ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ
ജോളിയുമായുള്ള ബന്ധം ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അത് തുടര്‍ന്നു. ഇക്കാര്യങ്ങളെല്ലാം അറിയാവുന്നതിനാലാണ് ഷാജു ഇപ്പോള്‍ ജോളിയെ തള്ളിപ്പറയുന്നതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.
കൂടത്തായി കൊലപാതക പരന്പരയിലെ കേസുകള്‍ കോടതിയില്‍ തെളിയിക്കുന്നതിനായി മൃതദേഹാവശിഷ്ടങ്ങള്‍ ആവശ്യമെങ്കില്‍ വിദേശ രാജ്യങ്ങളിലടക്കം രാസ പരിശോധനകള്‍ക്കായി അയയ്ക്കാനും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.