ആനപ്രേമികളുടെ പ്രിയങ്കരൻ പാറമേക്കാവ് കൊമ്പൻ രാജേന്ദ്രന്‍ ചെരിഞ്ഞു.

144

തൃശ്ശൂര്‍: തൃശ്ശൂരില്‍ നിന്നും ഏഷ്യാഡിനു പോയ ആനകളില്‍ ഒന്നായ ആനപ്രേമികളുടെ പ്രിയങ്കരനായ, പാറമേക്കാവ് കൊമ്പൻ രാജേന്ദ്രന്‍ എന്ന ആന പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ചെരിഞ്ഞു.
പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന്‍ നമ്ബൂതിരി ഭക്തരില്‍നിന്നും 4800 രൂപ പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്. അമ്പതു വര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.

ഭക്തരുടെ സ്വന്തം ആനയെന്നാണ് രാജേന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. 1955-ല്‍ പത്തിരിപ്പാലയില്‍നിന്നാണ് രാജേന്ദ്രന്‍ പാറമേക്കാവിലെത്തുന്നത്. എത്തുമ്പോൾ 12 വയസ്സായിരുന്നു പ്രായം. നിലമ്പൂർ കാടുകളാണ് ജന്മദേശം. തൃശ്ശൂര്‍ നഗരത്തില്‍ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രന്‍. ആറാട്ടുപുഴ പൂരത്തിനു പത്തു വര്‍ഷത്തോള മെങ്കിലും ശാസ്താവിന്റെ തിടമ്ബേറ്റിയിട്ടുണ്ട്.

ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും നിറസാന്നിദ്ധ്യമായിരുന്നു. രാജേന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്തതിന്റെ അമ്ബതാം വാര്‍ഷികം തട്ടകം ആഘോഷിച്ചിരുന്നു. 1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിനു പങ്കെടുത്തത്. കുട്ടിയായിരിക്കുമ്ബോഴാണ് പാറമേക്കാവില്‍ എത്തിയത് എന്നതിനാല്‍ നാലംബലത്തിനുള്ളില്‍ വെച്ചാണ് നടയിരുത്തല്‍ ചടങ്ങുകള്‍ നടന്നത്.

ലോറിയില്‍ കയറാന്‍ കൂട്ടാക്കാത്ത ആനകളിലൊന്നായിരുന്നു രാജേന്ദ്രന്‍. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറവരെയുള്ള ആദ്യകാല യാത്രകള്‍ കാല്‍നടയായിട്ടായിരുന്നു. വെടിക്കെട്ടിനെ പേടിയില്ലെന്ന പ്രത്യേകതയും ഇവനുണ്ട്. അതുകൊണ്ടുതന്നെ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്.

അന്നു തീവണ്ടികയറി പോകാന്‍ പക്ഷേ രാജേന്ദ്രന് ബുദ്ധിമുട്ടുണ്ടായില്ല. അക്കാലത്തു വെച്ച മയക്കുവെടിയുടെ പാട് രാജേന്ദ്രന്റെ പുറത്തുണ്ടായിരുന്നു. ആളുകളോട് ഇണങ്ങിനില്‍ക്കുന്ന പ്രകൃതമാണ് രാജേന്ദ്രന്. ആരെങ്കിലും അടുത്തുവന്ന് രാജു എന്നു വിളിച്ചാല്‍ ശബ്ദമുണ്ടാക്കി പ്രതികരിക്കും. ഭക്ഷണസാധനങ്ങള്‍ നല്‍കിയാല്‍ മടികൂടാതെ സ്വീകരിക്കും. മധുരത്തോടായിരുന്നു പ്രിയം.

നാടന്‍ ആനയുടെ സൗന്ദര്യം ഏറ്റവും അധികം ആവാഹിച്ചിരിക്കുന്നതു രാജേന്ദ്രന്റെ ചെവികളിലാണ്. ഗുരുവായൂര്‍ കേശവന്റെ ചെവിപോലത്തെ ചെവികളാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.

NO COMMENTS