പ്രജ്ഞാൽ പട്ടീൽ തിരുവനന്തപുരം സബ് കളക്ടർ

126

തിരുവനന്തപുരം: പ്രജ്ഞാൽ പട്ടീൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. കേരള കേഡറിലെ കാഴ്ച പരിമിതിയുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ കൂടിയാണ് പ്രജ്ഞാൽ. ആറാം വയസിലുണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട പ്രഞ്ജിൽ 2017ൽ 124-ാം റാങ്കോടെയാണ് ഐ.എ.എസ് സ്വന്തമാക്കിയത്. പരിശീലനത്തിനു പോകാതെ സ്വപ്രയത്‌നത്തിലൂടെയാണ് ഇവർ സിവിൽ സർവീസ് സ്വന്തമാക്കിയത്.

ബിരുദ വിഷയമായിരുന്ന പൊളിറ്റിക്കൽ സയൻസാണ് സിവിൽ സർവ്വീസ് ഓപ്ഷണലായി തിരഞ്ഞെടുത്തത്. വിവിധ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. നിരവധി മോക്ക് ഇൻറ്റർവ്യൂകളിൽ പങ്കെടുത്തത് ആത്മവിശ്വാസം ഉയർത്താൻ സഹായിച്ചതായും പ്രജ്ഞാൽ പട്ടീൽ പറഞ്ഞു. തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റതിന്റെ സന്തോഷവും അവർ രേഖപ്പെടുത്തി.

ആദ്യമെഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 773-ാം റാങ്ക് നേടിയ പ്രജ്ഞാലിന് റെയിൽവേ അക്കൗണ്ട്‌സിൽ ജോലി ലഭിച്ചെങ്കിലും കാഴ്ചപരിമിതി കാരണം പ്രവേശിക്കാനായില്ല. എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് സബ് കളക്ടറായി തിരുവനന്തപുരത്ത് എത്തുന്നത്. മുംബൈ സെന്റ് സേവ്യേഴ്‌സിൽ നിന്ന് ബിരുദവും ഡൽഹി ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷണൽ റീലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. ഭർത്താവും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ അനുകുമാരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ സബ് കളക്ടർ ചുമതലയേറ്റത്.

NO COMMENTS