എല്‍ ഡി എഫ് അംഗങ്ങള്‍ക്കെതിരെ യു ഡി എഫ്‌ അക്രമം.

126

പോത്തുകല്ല്‌ : പോത്തുകല്ല് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്കെതിരെ യുഡിഎഫ്‌ അക്രമം. പരിക്കേറ്റ മുതുകുളം വാര്‍ഡംഗം ജോസഫ് ജോണ്‍, പാതാര്‍ വാര്‍ഡംഗം ബര്‍ത്തില ബേബി എന്നിവരെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അനധികൃത നിയമനം നേടി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ താല്‍ക്കാലിക ജീവനക്കാരായി പഞ്ചായത്തില്‍ ജോലിനോക്കുന്ന മൂന്ന് പേരെ ഹൈക്കോടതി നീക്കംചെയ്ത പശ്ചാത്തലത്തിലായിരുന്നു തിങ്കളാഴ്ചത്തെ ഭരണസമിതി യോഗം.

തല്‍സ്ഥാനത്തേക്ക് പുതിയ ആളുകളെ കണ്ടെത്താന്‍ ഇന്റര്‍വ്യൂ തീയതി തീരുമാനിക്കാനുള്ള അജന്‍ഡ ചര്‍ച്ച ചെയ്യവെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അജന്‍ഡ ചര്‍ച്ചക്കെടുത്തതോടെ യുഡിഎഫ് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി. 17 അംഗങ്ങളുള്ള ഭരണസമിതിയില്‍ 13 പേര്‍ മാത്രമാണ് ഈ യോഗത്തില്‍ ഉള്ളതെന്നും മറ്റൊരു ദിവസം ചര്‍ച്ചയാകാമെന്നും പ്രസിഡന്റ് സി കരുണാകരന്‍പിള്ള നിലപാടെടുത്തു. ഇതിനിടെ യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രസിഡ​ന്റും യോഗം അവസാനിപ്പിച്ച്‌ മടങ്ങി. ജോസഫ് ജോണ്‍ മിനിട്സില്‍ ഒപ്പിടവെ കോണ്‍ഗ്രസ് അംഗം റുബീന പ്രായംചെന്ന ജോസഫ് ജോണിനെ തള്ളി താഴെയിട്ടു.

സഹപ്രവര്‍ത്തകനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെ എല്‍ഡിഎഫ് അംഗം ബര്‍ത്തില ബേബിയെ യുഡിഎഫ് അംഗങ്ങള്‍ വളഞ്ഞ്‌ ആക്രമിച്ചു. യുഡിഎഫ് അംഗം സുലൈമാന്‍ ഹാജി ശാരീരികമായി ആക്രമിച്ചെന്നും വസ്ത്രങ്ങള്‍ കീറി മാനഹാനി വരുത്തിയെന്നും കാണിച്ച്‌ ഇവര്‍ പൊലീസിന് പരാതി നല്‍കി. യുഡിഎഫ് അംഗങ്ങളായ സര്‍ഫുന്നീസ, ത്രേസ്യാമ്മ ജോര്‍ജ്, സുനി സജി, ഉമൈമത്ത്, അടക്കം ഏഴ്‌ അംഗങ്ങള്‍ക്കെതിരെ ജോസഫ് ജോണ്‍, ബര്‍ത്തില ബേബി എന്നിവര്‍ പൊലീസിന് മൊഴി നല്‍കി.

NO COMMENTS