ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്ഥാന്‍ പരാമര്‍ശത്തെ കുറ്റപ്പെടുത്തി ചൈനീസ് മാധ്യമം

227

ബെയ്ജിങ് • ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്ഥാന്‍ പരാമര്‍ശത്തെ കുറ്റപ്പെടുത്തി ചൈനീസ് മാധ്യമം. മോദിക്ക് സഹനശക്തി നഷ്ടപ്പെട്ടതായും വിദ്വേഷത ഉളവാക്കുന്ന തരത്തിലേക്ക് മോദിയുടെ ശബ്ദം മാറിയതായും ഗ്ലോബല്‍ ടൈംസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പാക്ക് അധിനിവേശ കശ്മീരില്‍നിന്നും അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയവര്‍ക്ക് ധനസഹായം നല്‍കാനുള്ള മോദിയുടെ നീക്കം പ്രകോപനപരമാണ്. അങ്ങനെയെങ്കില്‍ പാക്കിസ്ഥാനില്‍ കഴിയുന്ന കശ്മീരികള്‍ക്കും ധനസഹായത്തിന് അവകാശം ഉന്നയിക്കാമെന്നും ലേഖനത്തില്‍ പറയുന്നു.
ഓഗസ്റ്റ് 15 ന് മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചും ബലൂചിസ്ഥാനെക്കുറിച്ചുമുള്ള പരാമര്‍ശവും പ്രകോപനപരമാണ്.

ചില മന്ത്രിമാരുടെയും പാക്കിസ്ഥാനുമായി ശീത യുദ്ധം ആഗ്രഹിക്കുന്ന ചില വ്യക്തികളുടെയും നിര്‍ദേശപ്രകാരമാണ് മോദി ഇപ്രകാരം സംസാരിച്ചത്. ഇവരില്‍ ചിലര്‍ ആര്‍എസ്‌എസ് അംഗങ്ങളാണ്. ഇന്ത്യന്‍ സര്‍ക്കാരിലെ പലര്‍ക്കും മോദിയുടെ പ്രസംഗത്തില്‍ അതൃപ്തിയുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.
പാക്കിസ്ഥാനില്‍നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് ഇന്ത്യയുടെ വാദം. പിന്നെന്തിനാണ് ബലൂചിസ്ഥാനെക്കുറിച്ച്‌ മോദി പരസ്യമായി പരാമര്‍ശിച്ചത്. കശ്മീരിലെ നിലവിലെ സംഘര്‍ഷത്തില്‍നിന്നും രാജ്യാന്തരശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

NO COMMENTS

LEAVE A REPLY