സർക്കാർ ഏജൻസിയായ കിലയുടെ മേൽനോട്ടത്തിൽ ഗുണമേന്മക്കുള്ള ആദ്യത്തെ ഐഎസ്ഒ അംഗീകാരത്തിന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അർഹമായി. സെർട്ടിഫിക്കേഷൻ പ്രഖ്യാപനചടങ്ങ് പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
കില ഡയറക്ടർ ഡോ. ജോയ് ഇളമാൺ ഐഎസ്ഒ പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്ത് അംഗം ടി ജി ശങ്കര നാരായണൻ ഉപഹാര സമർപ്പണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ ചാർജ് ഓഫീസർ ഷിബു എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സാക്ഷരത കലോത്സവത്തിൽ തുടർച്ചയായി ഒൻപതാം തവണയും ഓവറോൾ കിരീടം നേടാൻ പ്രയത്‌നിച്ച നോഡൽ പ്രേരക് കെ വി ചന്ദ്രികയെ ആദരിച്ചു.
വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി സി ബാല ഗോപാൽ, സെക്രട്ടറി ഇൻ ചാർജ് സി എ റോബിൻ തുടങ്ങിയവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തിനെ പൊതുജന സൗഹാർദ്ദമായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കൊണ്ടുള്ള ഗുണമേന്മ സംവിധാനം ഒരുക്കിയതിന്റെ ഫലമായിട്ടാണ് ഐ എസ് ഒ 9001:2015 അംഗീകാരത്തിന് അർഹമായത്.