സി.കെ മേനോന്റേത് വ്യവസായസംരംഭകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ

140

തിരുവനന്തപുരം : പുതിയ വ്യവസായസംരംഭകർക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണങ്ങളുള്ള വ്യക്തിത്വമാണ് സി.കെ. മേനോന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ക്ഷേമാ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അഡ്വ: സി.കെ. മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഉന്നമനം എല്ലായ്പ്പോഴും മനസിൽക്കൊണ്ടുനടന്ന വലിയ മനുഷ്യനായിരുന്നു മേനോൻ. അദ്ദേഹത്തിന്റെ ലാളിത്യം എടുത്തുപറയേണ്ടതാണ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുമായും നല്ല ബന്ധം പുലർത്തി. എങ്ങനെ ചെറിയ തുടക്കത്തിൽനിന്ന് വളരാം എന്നതിന്റെ ഉദാത്ത ഉദാഹരണമാണ് അദ്ദേഹം. നോർക്ക രൂപീകരിച്ചപ്പോൾ തന്നെ അതുമായി സഹകരിച്ച മേനോൻ പിന്നീട് അതിന്റെ വൈസ് ചെയർമാനുമായി.

വിദേശമലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പ്രശ്നങ്ങളിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനും അദ്ദേഹം വലിയതോതിൽ ഇടപെട്ടു. ഇറാഖിലും മറ്റും അകപ്പെട്ട നഴ്സുമാരുടെ പ്രശ്നത്തിലൊക്കെ അദ്ദേഹം സജീവമായി ഇടപെട്ടതായി മുഖ്യമന്ത്രി അനുസ്മരിച്ചു.

വന്ന വഴി മറക്കാത്ത മനുഷ്യസ്നേഹിയായിരുന്നു സി.കെ. മേനോനെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. അത്ഭുതപ്പെടുത്തുന്ന ജീവിതലാളിത്യം കാത്തുസൂക്ഷിച്ചിരുന്ന സ്നേഹസമ്പന്നനായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു. മുൻമന്ത്രി എം.എം. ഹസൻ അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, കെ.സി. ജോസഫ്, ക്ഷേമാ ഫൗണ്ടേഷൻ രക്ഷാധികാരി പന്തളം സുധാകരൻ, നോർക്കാ റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ, മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി കെ, എ.റ്റി.ഇ ഗ്രൂപ്പ് സി.എം.ഡി ഇ.എം. നജീബ്, സി.കെ മേനോന്റെ മകൻ ജെ.കെ. മേനോൻ എന്നിവർ സംസാരിച്ചു. ക്ഷേമാ ഫൗണ്ടേഷൻ രക്ഷാധികാരി ജി. മാഹീൻ അബൂബക്കർ സ്വാഗതവും നോർക്കാ റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീഷ് നന്ദിയും പറഞ്ഞു.

NO COMMENTS