പാലക്കാട്: ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എഎസ്പിയാണു ഇതിനു നേതൃത്വം നല്‍കിയിരുന്നതെന്നും അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയാറായിരുന്ന മാവോയിസ്റ്റുകളെയാണ് തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തിയതെന്നും അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് മുരുകൻ ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തി.
മുരുകന് മാധ്യമങ്ങളോട് വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോഴത്തേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം തണ്ടര്‍ബോള്‍ട്ടിനു നേരെ വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സ്വയരക്ഷയ്ക്കായാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചു വെടിവച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശനിര്‍മിത എകെ 47 തോക്കടക്കം മാവോയിസ്റ്റുകളുടെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കാണുന്ന മാത്രയില്‍ വെടിവച്ചു കൊല്ലുന്നതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ എന്‍. ഷംസുദ്ദീന് ചോദിച്ചു. തീവ്രസ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒരിക്കലും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.