ദില്ലി: ഫോണുകള്‍ ഗൗരവമേറിയ ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിക്കുന്നതാണെന്ന് സോണിയ പരാതിപ്പെടുന്നു. തിരഞ്ഞെടുപ്പ് തന്ത്രം അടക്കം ചോരുന്നുണ്ടെന്നാണ് വിലയിരുത്തല്‍.കോണ്‍ഗ്രസിലെ നിര്‍ണായക വിവരങ്ങള്‍ ചോരുന്നതായാണ് സൂചന. അത്തരങ്ങള്‍ കാര്യങ്ങള്‍ തടയാനായി പാര്‍ട്ടി യോഗങ്ങളില്‍ ഫോണ്‍ നിരോധിച്ചിരിക്കുകയാണ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. നിര്‍ണായക യോഗങ്ങളിലെ വിവരങ്ങള്‍ ചോരുന്നത് തടയാനാണ് ഈ നീക്കം.
ജൂനിയര്‍ നേതാക്കള്‍ക്കാണ് ഈ നിയമമെന്ന് കരുതേണ്ട. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ് ഇത് കര്‍ശനമായി നടപ്പാക്കേണ്ടത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കേണ്ടെന്നാണ് സോണിയയുടെ നിലപാട്. ഇനി മുതലുള്ള എല്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ഇത് ബാധകമായിരിക്കും.
കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ പലരും ഗൗരവത്തോടെ യോഗങ്ങളെ സമീപിക്കുന്നില്ലെന്നാണ് പരാതി. അതുകൊണ്ട് പല വിഷയങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടി പരിമിധി നേരിടുന്നുണ്ട്. പാര്‍ട്ടിയില്‍ വളരെ പെട്ടെന്ന് ഉണ്ടാവുന്ന തീരുമാനങ്ങള്‍ ചോര്‍ന്ന് പോവാതിരിക്കുകയാണ് ഈ നടപടിയിലൂടെ ആദ്യ ലക്ഷ്യമിടുന്നത്. സീനിയര്‍ നേതാക്കളെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരും സത്യസന്ധരുമാക്കുവാന്‍ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും രഹസ്യമായി തന്നെ തുടരുമെന്ന് ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം സോണിയ ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍മാരുടെയും യോഗം വിളിച്ചിരുന്നു. പത്ത് ദിവസത്തെ പ്രക്ഷോഭത്തിന്റെ രൂപരേഖ തയ്യാറാക്കാനായിരുന്നു ഈ യോഗം. നിര്‍ണായക വിവരങ്ങള്‍ ഈ യോഗത്തില്‍ വെച്ച് ചോര്‍ന്നെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. സീനിയര്‍ നേതാക്കള്‍ തന്നെ ഈ സമയത്ത് മൊബൈലില്‍ നോക്കുന്നത് സോണിയ കണ്ടിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി വന്നത്.