ചെന്നൈ: തിരുവളളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. 2021-ല്‍ നടക്കാന്‍ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് രജനീകാന്തിന്‍റെ പ്രതികരണം.
മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രജനീകാന്ത് ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായത്. ബിജെപി സംസ്ഥാന ഘടകവും രജനിയെ പാളയത്തില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തന്നെ കാവി പുതപ്പിക്കാന്‍ നീക്കമുണ്ടെന്ന രജനിയുടെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.