ന്യൂഡല്‍ഹി: നാമെല്ലാവരും പരസ്പര ഐക്യം കാത്തു സൂക്ഷിക്കണ മെന്നും ഇന്ത്യക്കാര്‍ക്കിടയിലെ സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാലമാണിതെന്നും ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയെ മാനിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി ഇന്ന് അനുമതി നല്‍കിയിരുന്നു. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, കേസില്‍ കക്ഷിയായ ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.
കോടതി വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.