മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌.

116

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കു ന്നത്‌.എന്‍ സി പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുകയാണ്‌. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുന്നുവെന്നാണ് കോണ്‍ഗ്രസ്പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ശിവസേനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് ഫാക്‌സ് സന്ദേശം അയച്ചുവെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തു വന്നിരുന്നു. ശിവസേന സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനകത്ത് നില നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ആദ്യം വന്ന സൂചന സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നതായിരുന്നു.

കേരളത്തില്‍ നിന്നുള്ള നേതാക്കളായ എ.കെ. ആൻറണിയും കെ.സി. വേണുഗോപാലും വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണക്കണമെന്നുള്ള മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിന്റെ നീക്കത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ശിവസേനയ്‌ക്കൊപ്പം പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലികാര്‍ജുന ഖാര്‍ഗെയും ഈ നിലപാടാണ് പങ്കുവെച്ചത്.

അഹമ്മദ് പട്ടേല്‍ അടക്കമുള്ള ചില നേതാക്കള്‍ മാത്രമാണ് ശിവസേന സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ ഭൂരിഭാഗം എം എല്‍ എ മാരും രണ്ടര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തക സമിതി യോഗത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന നിലപാടാണ് സംസ്ഥാന ഘടകം സ്വീകരിച്ചത്. എന്നാൽ തീവ്ര ഹിന്ദുത്വ നിലപാടുള്ള പാര്‍ട്ടിയുമായി ഒപ്പം ചേരുന്നതില്‍ ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടിയുടെ നില നില്‍പ്പിനെ അപകടപ്പെടുത്തുമെന്ന ആശങ്കയാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. മറ്റ് സംസ്ഥാന ഘടകങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ച്‌ സമ്മര്‍ദ്ദമുണ്ടായിരുന്നു.

തീവ്ര ഹിന്ദുത്വം, പ്രാദേശിക വാദം, മുസ്ലീം വിരുദ്ധത തുടങ്ങിയ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ശിവസേനയെ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ അകറ്റുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.
അതിനിടെ ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട ശിവസേന നേതാക്കള്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചതായാണ് വിവരം. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വൈകിട്ട് 7.30 ന് മുമ്പ് തീരുമാനം അറിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ ശിവസേനയെ അറിയിച്ചിരുന്നു.

ബിജെപി- ശിവസേന സഖ്യം പൊളിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ ആശയക്കുഴപ്പത്തിലായത് കോണ്‍ഗ്രസ് അണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സോണിയ ഗാന്ധി തുടക്കം മുതല്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഗവര്‍ണറെ കണ്ട ശിവസേന നേതാക്കള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശാവാദം ഉന്നയിച്ചില്ല. മറിച്ച്‌ സമയം നീട്ടിചോദിക്കുകയായിരുന്നു.

കോണ്‍ഗ്രസും എന്‍സിപിയും പിന്തുണക്കത്ത് ഇതുവരെയും നല്‍കിയിട്ടില്ലെന്ന് ആദിത്യ താക്കറെ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ഗവര്‍ണര്‍ സമയം നീട്ടി നല്‍കാതെ മറ്റ് നടപടിക്രമങ്ങളിലേക്ക് ഗവര്‍ണര്‍ നീങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.

NO COMMENTS