കോട്ടയം: രമേശ് ചെന്നിത്തലയെ യു.ഡി.എഫ് ചെയര്‍മാനാക്കിയത് തന്നോട് ആലോചിക്കാതെയെന്ന കെ.എം മാണിയുടെ അഭിപ്രായം തള്ളി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരെയും അറിയിച്ചിരുന്നുവെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. യു.ഡി.എഫ് വിട്ടതിന് പിന്നാലെ അതിന് ഒരു കാരണമായി മാണി അവതരിപ്പിച്ചത് ചെന്നിത്തലയുടെ ചെയര്‍മാനാക്കിയ വിഷയമായിരുന്നു .കേരള കോണ്‍ഗ്രസിനോട് ആലോചിക്കാതെയാണ് ചെന്നിത്തലയെ ചെയര്‍മാനാക്കിയതെന്ന് മാണി ആരോപിച്ചിരുന്നു.
ചെന്നിത്തലയെ ചെയര്‍മാനാക്കുന്ന കാര്യം മാണിയുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനും ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ബാര്‍ കോഴക്കേസിൽ കെ.എം മാണിയോടും കെ.ബാബുവിനോടും കാണിച്ചത് ഇരട്ട നീതിയാണെന്ന് നിലപാടും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. കുര്യന്റെ ഈ വിമര്‍ശനത്തിനെതിരെ ഐ ഗ്രൂപ്പും രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിലെടുത്ത നിലപാട് തെറ്റായിപ്പോയെന്നാണ് പി.ജെ കുര്യൻ ആദ്യം പറയേണ്ടത്. തിരുവല്ല തോല്‍വിയാണ് മുന്നണി വിടാൻ മാണി പറഞ്ഞ ഒരു കാരണം. മാണിയുടെ ആരോപണങ്ങളിലെ ഒരു പ്രധാന പ്രതിയാണ് കുര്യനെന്നും വാഴയ്ക്കൻ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സി.പി.ഐയെ കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ പരിഹസിച്ചു. 1965ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നപ്പോള്‍ സി.പി.ഐയക്കും കേരള കോണ്‍ഗ്രസിനും കിട്ടിയ സീറ്റുകള്‍ താരതമ്യം ചെയ്താണ് സി.പി.ഐയെക്കെതിരായ പരിഹാസം.