കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇബ്രാഹീം കുഞ്ഞിന് പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെ കക്ഷി ചേര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോപണ മുനയിലുള്ള വ്യക്തിയാണ് ഇബ്രാഹീം കുഞ്ഞ്. പുതിയ പരാതി മുന്‍മന്ത്രിക്ക് കുരുക്കാകും.
ചന്ദ്രിക പത്രത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ കൊച്ചി ശാഖയിലുള്ള അക്കൗണ്ടില്‍ 10 കോടി രൂപ സെമീര്‍ എന്നയാള്‍ നോട്ട് നിരോധന വേളയില്‍ നിക്ഷേപിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് സെമീര്‍. ഇബ്രാഹീം കുഞ്ഞും ബോര്‍ഡില്‍ അംഗമാണ്. ഇതിന് പുറമെ പത്രത്തിന്റെ എസ്ബിഐ അക്കൗണ്ടിലും കണക്കില്ലാത്ത പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ വഴി നിയമവിരുദ്ധമായി ഇബ്രാഹീം കുഞ്ഞ് വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഇതെല്ലാം ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ ബിനാമി പേരില്‍ നിക്ഷേപിച്ചി രിക്കുകയാണെന്നും ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ചന്ദ്രികയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ 10 കോടി നിക്ഷേപിച്ച വിവരം തങ്ങള്‍ക്ക് അറിയാമെങ്കിലും ഇബ്രാഹീം കുഞ്ഞിനെ ബന്ധപ്പെടുത്തി അന്വേഷണം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.എന്നാല്‍ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.
പാലാരിവട്ടം പാലം അഴിമതിയും ചന്ദ്രിക അക്കൗണ്ടിലെ ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കള്ളപ്പണ ഇടപാട് നടന്നോ എന്ന കാര്യം പരിശോധിക്കണമെന്ന് കോടതി സൂചിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കേസില്‍ കക്ഷിയാകണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു.