ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അബു മുഹമ്മദ് അൽ അദ്നാനി അലെപ്പോയിൽ കൊല്ലപ്പെട്ടു

188

അലപ്പോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അബു മുഹമ്മദ് അൽ അദ്നാനി അലെപ്പോയിൽ കൊല്ലപ്പെട്ടു. അമേരിക്ക 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണഅ അദ്നാനി.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയയിലും ഇറാഖിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് അബു മുഹമ്മദ് അൽ അദ്നാനി. 2003ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചതു മുതൽ അമേരിക്കയ്ക്കെതിരെ പോരാടുന്ന വിദേശ പൗരന്മാരിൽ പ്രധാനിയായിരുന്ന അബു മുഹമ്മദ് സിറിയയിലെ അലെപ്പോയിൽ കൊല്ലപ്പെട്ടെന്ന വാർത്ത ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം പുലർത്തുന്ന വാർത്താ ഏജൻസിയായ അമഖ് ആണ് പുറത്തു വിട്ടത്.
അനുയായികൾക്ക് നൽകാൻ തയ്യാറാക്കിയ കുറിപ്പിൽ അലെപ്പോയിലെ പോരാട്ടത്തിൽ അബു മുഹമ്മദ് രക്തസാക്ഷിയായെന്ന് സംഘടനയെ ഉദ്ദരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു. 50 ലക്ഷം ഡോളർ അമേരിക്ക തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഭീകരന്‍റെ മരണം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പാശ്ചാത്യ ശക്തികളുടെ പോരാട്ടത്തിന് ശക്തി പകരും.
അമേരിക്കൻ സഹായത്തോടെ തുർക്കിയും സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് അബു മുഹമ്മദ് കൊല്ലപ്പെട്ടെന്ന വാർത്തയും പുറത്തു വരുന്നത്. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും തന്ത്ര പ്രധാന മേഖലകളിലെ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന അബു മുഹമ്മദ് അൽ അദ്നാനി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY