ന്യൂഡൽഹി∙ വാട്ട്സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നു ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യത്തിൽ സെപ്റ്റംബർ 14നകം അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കോടതി കേന്ദ്രസർക്കാരിനു നോട്ടിസയച്ചു. വാട്ട്സാപ് ഉപയോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മാതൃകമ്പനിയായ ഫെയ്സ്ബുക്കിനു കൈമാറണമെന്ന ആവശ്യത്തിനെതിരെയാണു കർമന്യസിങ് സരീൻ, ശ്രേയ സേഥി എന്നിവരുടെ ഹർജി.
വാട്ട്സാപ്, ഫെയ്സ്ബുക്ക് കോർപറേഷൻ, ഫെയ്സ്ബുക്ക് ഇന്ത്യ ഓൺലൈൻ ലിമിറ്റഡ് എന്നിവയുടെ പുതിയ നയംമാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
2012 ജൂലൈ ഏഴിനുശേഷം ഇതാദ്യമായാണ് വാട്ട്സാപ് സ്വകാര്യതാനയത്തില്‍ മാറ്റം വരുത്തുന്നത്. ഫെയ്സ്ബുക്കിനും അതിനു കീഴിലുള്ള മറ്റു കമ്പനികൾക്കും മാർക്കറ്റിങ് / പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന വിധം ഫോൺ നമ്പറും മറ്റും നൽകാനുള്ള അനുവാദമാണ് വാട്ട്സാപ് ഇപ്പോൾ ചോദിക്കുന്നത്. സെപ്റ്റംബർ 25വരെ ഇതിനു സമയം അനുവദിച്ചിട്ടുണ്ട്.