തിരുവനന്തപുരം : വിമുക്തി മിഷന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന 90 ദിവസം നീണ്ടു നിൽക്കുന്ന തീവ്രയത്ന ബോധവത്ക്കരണ പരി പാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നവംബർ 27ന് നടക്കും.
ഉച്ചയ്ക്ക് 12ന് വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേ ന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ പത്തിന് കേരള ജനമൈത്രി പോലീസ് അവതരിപ്പിക്കുന്ന ബോധവത്കരണ നാടകം നടക്കും. എൻ.സി.സി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
10.30ന് കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും വാഹന വിളംബരജാഥ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മേയർ കെ.ശ്രീകുമാർ, ശശി തരൂർ എം.പി, പോലീസ് കമ്മീഷണർ എം.ആർ.അജിത് കുമാർ തുടങ്ങിയവർ സംബന്ധിക്കും.