ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ നടപടി. പാര്‍ലമെന്റിന്റെ പ്രതിരോധകാര്യസമിതിയില്നിന്ന് നീക്കും. ഈ സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ഇത്തരം തത്വശാസ്ത്രങ്ങളെ ബിജെപി അംഗീകരിക്കുന്നില്ലെന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഢ പറഞ്ഞു. ഗോഡ്സെ ദേശസ്നേഹിയെന്ന് പ്രജ്ഞയുടെ പ്രസ്താവനയെയും ബിജെപി അപലപിച്ചു.
സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഭേദഗതി ബില്ലിന്മേല് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ലോക്സഭയില്‍ ഗോഡ്സെ പ്രശംസ നടത്തിയത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗോഡ്സെ രചിച്ച “വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ എംപി എ. രാജ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. 32 വര്‍ഷമായി ഗാന്ധിയോട് തനിക്ക് വിരോധമുണ്ടായിരുന്നതായി ഗോഡ്സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമര്‍ശം.
പ്രജ്ഞ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഒരു ദേശസ്നേഹിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടരുത്’ എന്നായിരുന്നു പ്രജ്ഞാ പറഞ്ഞത്.പ്രജ്ഞാ സിംഗിന്റെ വിവാദ പരാമര്‍ശം പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശപ്രകാരമാണ് പരാമര്‍ശം നീക്കിയത്.