മോട്ടോര്‍ വാഹന വകുപ്പിന്‍റെ സമഗ്ര പരിശോധന ശനിയാഴ്ച്ച

161

കാക്കനാട് – അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യവുമായി ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ (ശനിയാഴ്ച്ച) സമഗ്ര പരിശോധനയ്ക്ക്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരിശോധന. ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്കെതിരെ കേസ് എടുത്ത് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. പിഴ അടപ്പിക്കാനും നടപടി സ്വീകരിക്കും.

കഴിഞ്ഞ വർഷം ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളിൽ എറണാകുളം സിറ്റി പോലീസ് പരിധിയിൽ 585 അപകടങ്ങളിൽ 595 പേർക്ക് പരിക്കേൽക്കുകയും 38 പേർ മരിക്കുകയും ചെയ്ത സ്ഥാനത്ത് ഈ വർഷം അതേ മാസങ്ങളിൽ 474 അപകടങ്ങളുണ്ടായി. 469 പേർക്ക് പരിക്കേറ്റു. 25 പേർ മരിച്ചു.

എറണാകുളം റൂറൽ പോലീസ് പരിധിയിൽ വരുന്ന പറവൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം മേഖലകളിൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ നടന്ന ആകെ അപകടങ്ങൾ 833. പരിക്കേറ്റവര്‍ 893, മരിച്ചവര്‍ 65. ഈ വർഷം അപകടങ്ങളുടെ ആകെ എണ്ണം 900 ആയി. ആയിരം പേര്‍ക്ക് പരിക്കേറ്റു. മരിച്ചത് 63 പേര്‍.

ഇരുച്രകവാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിനിരയായത്. അതുകൊണ്ടു തന്നെ ഇരുചക്ര വാഹന യാത്രികരില്‍ ഹെല്‍മറ്റ് സംസ്കാരം വളര്‍ത്തിയെടുക്കാനാണ് ശ്രമമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.

NO COMMENTS